തിരുവനന്തപുരം നഗരത്തിലെ വന്‍ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവും വെണ്ടറുമായ അനന്തപുരി മണികണ്ഠനെ പ്രതിചേര്‍ത്തേക്കും. അമേരിക്കന്‍ മലയാളിയുടെ കോടികള്‍ വിലമതിക്കുന്ന വീടും പുരയിടവും ആള്‍മാറാട്ടം നടത്തി തട്ടിയെടുത്തതിലാണ് നടപടി. തട്ടിപ്പിന് വേണ്ടി ആധാരം തയാറാക്കിയത് മണികണ്ഠന്‍റെ നേതൃത്വത്തിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഡോറ അസറിയ ക്രിപ്സ്–വര്‍ഷങ്ങളായി അമേരിക്കയിലുള്ള അവരാണ് ഈ വീടിന്‍റെ യഥാര്‍ഥ ഉടമ. എന്നാല്‍ ജനുവരി മുതല്‍ ചന്ദ്രസേനന്‍ എന്നയാളുടെ പേരിലായി വീട്. ശിവകൃപ എന്ന് വീടിന്‍റെ പേരും മാറ്റി. തട്ടിപ്പിന്‍റെ തിരക്കഥയിങ്ങിനെയാണ്. ജനുവരിയില്‍ കൊല്ലം സ്വദേശി മെറിന്‍ ജേക്കബ് ഡോറയുടെ വളര്‍ത്തുമകളായി പ്രത്യക്ഷപ്പെട്ടു. ഡോറയായി വട്ടപ്പാറ സ്വദേശി വസന്തയും ആള്‍മാറാട്ടം നടത്തി. വളര്‍ത്തുമകളായ മെറിന് വീടും പുരയിടവും എഴുതി കൊടുക്കുന്നതായി രേഖകളുണ്ടാക്കി. അതിന് ശേഷം ചന്ദ്രസേനന്‍ എന്നയാള്‍ക്ക് വിറ്റു. രണ്ടാഴ്ച മുന്‍പ് വീടിന്‍റെ യഥാര്‍ത്ഥ ഉടമയായ ഡോറയുടെ കാര്യസ്ഥന്‍ കരമടക്കാനെത്തിയപ്പോളാണ് തട്ടിപ്പ് പുറത്തറിയുന്നത്. പിന്നാലെ മെറിനെയും വസന്തയേയും അറസ്റ്റ് ചെയ്തു.
അതിലാണ് കോണ്‍ഗ്രസ് ഡി.സി.സിയംഗവും വെണ്ടറുമായ അനന്തപുരി മണികണ്ഠന്‍റെ പങ്ക് തെളിയുന്നത്. ഭൂമി ചന്ദ്രസേനന് മറിച്ചുവില്‍ക്കാനുള്ള ആധാരം തയാറാക്കിയത് മണികണ്ഠനാണ്. മണികണ്ഠന്‍റെ സ്ഥാപനത്തിലും വീട്ടിലും അന്വേഷിച്ചെങ്കിലും ഒളിവിലാണ്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു മണികണ്ഠന്‍.റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കും സംശയിക്കുന്നുണ്ട്.