കേരളതീരത്ത് ഡോൾഫിനുകൾ ചത്തടിഞ്ഞതിന് പിന്നിൽ എം.എസ്.സി എൽസ 3 കപ്പലപകടമെന്ന് സംശയം. ഡോൾഫിനുകളുടെ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം രാസമാലിന്യമെന്ന് വ്യക്തമായത്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

കേരള തീരത്തെ എം.എസ്.സി എൽസ 3 കപ്പലപകടത്തിന് ശേഷം നാലു ഡോൾഫിനുകളും, ഒരു തിമിംഗലവുമാണ് ചത്ത് കരയ്ക്കടിഞ്ഞത്. ഇതിൽ രണ്ടെണ്ണം തൃശ്ശൂർ അഴീക്കോട്, മുനക്കൽ തീരത്തായിരുന്നു. ജൂൺ 26ന് കരയ്ക്കടിഞ്ഞ ആദ്യ ഡോൾഫിൻ്റെ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം രാസമാലിന്യമെന്ന് വ്യക്തമായത്. ഇതോടെയാണ് ഡോൾഫിനുകൾ ചത്തതിന് കപ്പലപകടവുമായി ബന്ധമുണ്ടെന്ന് സംശയം ഉയർന്നത്. ഇക്കാര്യം വ്യക്തമാക്കി ജൂലൈ ഒന്നിന് ചാലക്കുടി ഡി.എഫ്.ഒ സർക്കാരിന് കത്തയച്ചിരുന്നു.

ഡോൾഫിനുകൾ ചത്തടിഞ്ഞതിൽ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും കത്തിലുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച അഡ്മിറാലിറ്റി സൂട്ടിൽ ഈ കത്തും ഉൾപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന് ശേഷമുള്ള പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് കേരള ഫിഷറീസ് സർവകലാശാല പഠനം ആരംഭിച്ചതായും സർക്കാർ വ്യക്തമാക്കി. ഇനി കോടതിയിലാണ് പ്രതീക്ഷയെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാൾസ് ജോർജ് മനോരമ ന്യൂസിനോട് പറഞ്ഞു.

കപ്പലപകടം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടയിൽ തുടർച്ചയായി ഡോൾഫിൻ അടക്കമുള്ളവ ചത്ത് കരയ്ക്ക് അടിയുന്നതിനെ ഗൗരവത്തോടെയാണ് ഇവർ കാണുന്നത്.

ENGLISH SUMMARY:

After a shipwreck off the Kerala coast, four dolphins were found dead, raising suspicions of chemical pollution from containers aboard the sunken vessel. Postmortem examinations and sample analysis are underway, with authorities investigating possible environmental damage.