എം എസ് സി- എൽസ കപ്പലപകടത്തില്‍ 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിടും മതിയായ രേഖകൾ സമർപ്പിക്കാതെ സംസ്ഥാന സർക്കാർ . എന്നാൽ തങ്ങൾക്കുള്ള നഷ്ടപരിഹാര ബാധ്യത 132 കോടി മാത്രമാണെന്ന് കാണിച്ച് കപ്പൽ കമ്പനി നോട്ടീസ് ഇറക്കിയിരുന്നു. കപ്പൽ അപകടത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന മൽസ്യത്തൊഴിലാളികൾ അടക്കമുള്ളവർ കേസ് പരിഗണിക്കുന്ന ഇന്ന് ഹൈക്കോടതിയിൽ എത്തണമെന്നും കപ്പൽ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള തീരത്ത് എം എസ് സി എൽസ 3 കപ്പൽ മുങ്ങിയതിനു ശേഷമുള്ള നിഗൂഢതകള്‍ 4 മാസമായിട്ടും നീങ്ങിയിട്ടില്ല. സംസ്ഥാന സർക്കാർ, ദുരന്ത നിവാരണ അതോറിറ്റി, ഷിപ്പിങ് മന്ത്രാലയം എന്നിവരൊന്നും കൃത്യമായ ഉത്തരം നൽകുന്നില്ല. ഇപ്പോൾ കപ്പൽ കടലിൽ എവിടെയാണെന്നതിനെക്കുറിച്ചും വിവരങ്ങളില്ല.
കപ്പൽ കമ്പനിക്കെതിരെ കേസെടുത്ത സംസ്ഥാന സർക്കാർ 9531 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എന്നാൽ രേഖകളൊന്നും കോടതിയിൽ നൽകിയിട്ടില്ല. അപകട സമയത്തെ കപ്പലിൻ്റെ വോയേജ് ഡാറ്റാ റെക്കോർഡർ , വോയേജ് ചാർട്ട് എന്നിവയാണ് സമർപ്പിക്കേണ്ടത്.
കപ്പലിലെ കണ്ടയ്നറുകളിൽ എന്താണെന്ന് വ്യക്തമാക്കുന്ന കാർഗോ മാനിഫെസ്റ്റ് പോലും പ്രസിദ്ധീകരിച്ചിട്ടില്ല. കപ്പൽ മുങ്ങിയതിൽ തങ്ങൾക്കുള്ള നഷ്ട പരിഹാര ബാധ്യത 132 കോടി രൂപയാണെന്ന് കമ്പനി നോട്ടീസ് പരസ്യപ്പെടുത്തി നഷ്ടപരിഹാരത്തിന് അർഹതയുള്ളവരും നാശനഷ്ടം അവകാശപ്പെടുന്നവരും ഇന്ന് ഹെക്കോടതിയിൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകണമെന്ന് കപ്പൽ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
130 വള്ളങ്ങളുടെ വലകളാണ് കണ്ടെയ്നറുകളിൽ കുടുങ്ങി നശിച്ചത്. കോടികളുടെ നഷ്ടം ആണ് മൽസ്യബന്ധന മേഖലയിൽ ഉണ്ടായത്.640 കണ്ടെയ്നറുകളാണ് കടലിൽ വീണത്. ജൂലൈ മൂന്നിനകം കണ്ടെയ്നറുകളും അവശിഷ്ടങ്ങളും നീക്കണമെന്ന് അന്ത്യശാസനം ഷിപ്പിങ്ങ് ഡയറക്ടർ ജനറൽ നൽകിയിരുന്നു.
എന്നാൽ നിയോഗിച്ച കമ്പനി ജൂൺ 12 ന് പ്രവർത്തനം അവസാനിപ്പിച്ചു. പിന്നീട് ചുമതലപ്പെടുത്തിയ സ്മിത്ത് സാൽവേജ് എന്ന കമ്പനി പ്രവർത്തനം തുടങ്ങിയിട്ടുമില്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ തുലാവർഷം ആരംഭിക്കുന്നതോടെ അവശിഷ്ടങ്ങൾ നീക്കുന്നത് പ്രതിസന്ധിയിലാകും.