ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ പ്രതിരോധിക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി സിനിമ– സാംസ്കാരിക മന്ത്രി സജി ചെറിയാന്‍. തന്‍റെ ജീവന്‍ രക്ഷിച്ചത് സ്വകാര്യ ആശുപത്രി എന്നായിരുന്നു സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞത്. സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സയില്‍ മരിക്കാന്‍ തുടങ്ങിയപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സതേടിയെന്നും എന്‍റെ ജീവന്‍ നിലനിര്‍ത്തിയത് സ്വകാര്യ ആശുപത്രിയെന്നുമായിരുന്നു പ്രതികരണം.
‘സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുന്നത് തെറ്റല്ല, ഞാന്‍ സ്വകാര്യ ആശുപത്രിയില്‍ പോയിട്ടുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും പോകാറുണ്ട്. ഡെങ്കി ബാധിച്ചപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി, മരിക്കാറായപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടത്തെ ചികില്‍സയിലാണ് ജീവന്‍ രക്ഷപെട്ടത്‘ എന്നും മന്ത്രി വിശദീകരിച്ചു.
Also Read: ആരോഗ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം; പലയിടത്തും സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു
സർക്കാർ ആശുപത്രികൾ പാവപ്പെട്ടവന്റെ അത്താണിയാണെന്നും വീണ ജോർജിനെ എതിരായ സമരത്തിന്റെ മറവിൽ സ്വകാര്യ കുത്തക ആശുപത്രികളെ വളർത്താൻ ഗൂഢനീക്കമെന്നാണ് സജി ചെറിയാന്‍ പറഞ്ഞു. 'സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ല. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് ജീവൻ നിലനിർത്തിയത്' എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്.
Also Read: മെഡിക്കൽ കോളജ് അപകടം; മണ്ണുമാന്തിയന്ത്രം എത്തിയത് എപ്പോൾ? വാദപ്രതിവാദങ്ങൾ തുടരുന്നു
ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകങ്ങളാണെന്നും പ്രതിപക്ഷത്തിന് വട്ടു പിടിച്ചെന്നും സജി ചെറിയാന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് അധികാരം കിട്ടാത്തതിന്റെ ഭ്രാന്താണ്. എൽഡിഎഫ് മൂന്നാമത് അധികാരത്തിൽ വരുമെന്നതിന്റെ വെപ്രാളം ആണ് യുഡിഎഫിന്.
വീണ ജോർജിനെയും പൊതുജനാരോഗ്യത്തെയും സിപിഎം സംരക്ഷിക്കുമെന്നും അതിന്റെ തെളിവാണ് നേതാക്കന്മാർ ക്യാപ്റ്റനും മേജറും ജവാനും ഒക്കെയായി സ്ഥാനമാനങ്ങൾ തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സജി ചെറിയാന്‍റേത് സ്വന്തം അനുഭവമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. ഞാന്‍ രക്ഷപ്പെട്ടത് സര്‍ക്കാര്‍ ആശുപത്രി ചികില്‍സയിലാണെന്നും മെഡിക്കല്‍ കോളജിലാണ് ചികില്‍സിച്ചതെന്നും അദ്ദേഹം പറഞ്ഞു.