ബിരുദ പഠനത്തിനിടെ സർവീസ് സ്റ്റേഷനിൽ വാഹനം കഴുകി കുടുംബം പോറ്റുന്ന അട്ടപ്പാടി ഗൂളിക്കടവിലെ പ്രിയയുടെ ദുരിതജീവിതത്തിന് ഒടുവിൽ ആശ്വാസം. പാതി തകർന്ന വീട്ടിൽ വർഷങ്ങളായി കഴിയുന്ന പ്രിയയുടെ കുടുംബത്തിന് നീതി ലഭിക്കാൻ അധികൃതർ ഇടപെട്ടു. മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്ത വാർത്തയെ തുടർന്നാണ് ജില്ലാ കളക്ടറും സ്ഥലം എം.എൽ.എയും വിഷയത്തിൽ സജീവമായി ഇടപെട്ടത്.
കുടുംബത്തിന്റെ റവന്യൂ പ്രശ്നങ്ങൾ പരിഹരിച്ചതായി കളക്ടർ ജി. പ്രിയങ്ക മനോരമ ന്യൂസിനോട് പറഞ്ഞു. ഭൂമിക്ക് ഉടമസ്ഥാവകാശമുള്ള മറ്റ് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ തഹസിൽദാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭൂമിയുടെ തണ്ടപ്പേര് അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥർ മെല്ലെപ്പോക്ക് കാണിക്കുന്നെന്നും, ഇത് കാരണം ഭവനപദ്ധതിയിൽ പേരുണ്ടായിട്ടും വീട് നിർമ്മാണം നടത്താൻ കഴിയുന്നില്ലെന്നുമായിരുന്നു പ്രിയയുടെ പ്രധാന പരാതി. ഈ പ്രശ്നങ്ങൾക്കാണ് ഇപ്പോൾ പരിഹാരമായത്. പ്രിയയും സഹോദരങ്ങളും ഇപ്പോഴും പാതി തകർന്ന വീട്ടിലാണ് കഴിയുന്നത്.