നിപ സ്ഥിരീകരിച്ച പാലക്കാട് നാട്ടുകൽ സ്വദേശിയുടെ നില അതീവ ഗുരുതരം. യുവതിക്ക് 2 ഡോസ് മോണോ ക്ലോണൽ ആന്റി ബോഡി നൽകി. ജില്ലയിൽ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ 3 പേരിൽ ഒരാളുടെ ഫലം നെഗറ്റീവാണ്. കുട്ടി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുള്ള 2 പേരുടേയും പരിശോധനഫലം ഇന്നുവരും. അതേസമയം രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പർക്ക പട്ടികയിൽ 173 പേരുണ്ടെന്ന് കണ്ടെത്തി. പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലുള്ള അവലോകനയോഗം തുടരുകയാണ്. ജില്ലാ കലക്ടറും ആരോഗ്യ വിദഗ്ധരുമടക്കം യോഗത്തിനുണ്ട്.
സമ്പര്‍ക്ക പട്ടികയിലുള്ളവരെല്ലാം ഹോം ക്വാറന്‍റൈനിലാണ്. യുവതിയുടെ വീടിനോട് ചേർന്ന് രണ്ടായിരത്തിലധികം വീടുകളിൽ ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തി. പാലക്കാട്, മലപ്പുറം ജില്ലകളിൽ നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. പാലക്കാട് മെഡിക്കൽ കോളജ് ഡോക്ടർമാർ ജില്ലയിലെ പ്രധാന സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ , വിവിധ വകുപ്പിലെ മേധാവികൾ ഉൾപ്പെടുന്ന 26 അംഗ കമ്മിറ്റി പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ചു. 40 ബെഡുകൾ ഉൾപ്പെടുന്ന ഐസോലേഷൻ യൂണിറ്റ് പാലക്കാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിട്ടുണ്ട്.
മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ഐസിയു ചികിത്സയിലുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.