ആറുമാസം പാലൂട്ടിയ കേരളത്തിന്‍റെ മണ്ണുവിട്ട് കുഞ്ഞു നിധി ജാർഖണ്ഡിലേക്ക്. ഇന്ന് രാവിലെ നിധിയുമായി മാതാപിതാക്കളുടെ നാടായ ജാർഖണ്ഡിലേക്ക് ശിശുക്ഷേമ സമിതി അംഗങ്ങൾ പുറപ്പെട്ടു. കുഞ്ഞിനെ ജാർഖണ്ഡ് ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കാനാണ് യാത്ര.
22 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് ജാർഖണ്ഡുകാരായ ദമ്പതികൾ ആശുപത്രിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്നത്. അവിടെനിന്നിങ്ങോട്ട് ശിശുക്ഷേമ സമിതിയുടെയും, വനിതാ ശിശു വികസന വകുപ്പിന്റെയും സംരക്ഷണയിലായിരുന്നു കുഞ്ഞ്. കൈവിട്ടുപോകുമായിരുന്ന ജീവനെ തിരിച്ചുപിടിച്ച നാളുകളായിരുന്നു അത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് കുഞ്ഞിന് നിധി എന്ന പേര് നൽകിയത്. ആറുമാസത്തിനുശേഷം മാതാപിതാക്കളുടെ നാട്ടിലേക്കാണ് കുഞ്ഞുനിധിയുടെ യാത്ര. രാവിലെ ആലപ്പുഴ -ധൻബാദ് എക്സ്പ്രസ്സിൽ നിധിയെയും കൊണ്ട് ഏഴംഗ സംഘം പുറപ്പെട്ടു.
കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തിക-സാമൂഹിക പശ്ചാത്തലം മാതാപിതാക്കൾക്ക് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ ജാർഖണ്ഡ് സി.ഡബ്ല്യു.സിക്കാണ് കുഞ്ഞിനെ കൈമാറുന്നത്. കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറുന്ന കാര്യത്തിൽ ഇനി തീരുമാനമെടുക്കുക ജാർഖണ്ഡ് ശിശുക്ഷേമ സമിതിയായിരിക്കും.