കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്ടർ. പൊളിഞ്ഞുവീണ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറി രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. പൊതുമരാമത്ത് കെട്ടിട വിഭാഗം ഉൾപ്പെടെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരിൽ നിന്ന് ജില്ലാ ഭരണകൂടം വിവരങ്ങൾ ശേഖരിച്ചു. അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ നിന്ന് പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് രോഗികളെ മാറ്റാതിരുന്നതിന്‍റെ കാരണം മെഡിക്കൽ കോളജ് സൂപ്രണ്ട് കലക്ടറെ ബോധിപ്പിച്ചു.
അതേസമയം, അപകടത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ ടി.കെ.ജയകുമാറിനെ ബലിയാടാക്കാൻ അനുവദിക്കില്ലെന്നും കലക്ടർക്ക് ഉൾപ്പെടെ വീഴ്ച ഉള്ളതിനാൽ ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും ചാണ്ടി ഉമ്മൻ എംഎൽഎ. അപകട സ്ഥലത്ത് കലക്ടർ താമസിച്ചാണ് വന്നത്. ആരോഗ്യമേഖല വേൾഡ് ക്ലാസ് എന്ന് അവകാശപ്പെടുന്നവർ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് വേൾഡ് ക്ലാസ് തലത്തിലുള്ള നഷ്ടപരിഹാരം നൽകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതിനിടെ, അപകടത്തെ തുടർന്ന് മുടങ്ങിയ ശസ്ത്രക്രിയകൾ നാളെ പുനരാരംഭിച്ചേക്കും. വിദേശരാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗികൾ ശസ്ത്രക്രിയയുടെ തീയതികൾ ലഭിക്കാതെ വലയുകയാണ്. ഓപ്പറേഷൻ തിയറ്ററുകൾ പുതിയ കെട്ടിടത്തിൽ സജ്ജമാക്കാനുള്ള നടപടികൾ അതിവേഗത്തിൽ തുടരുകയാണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളജ് ക്യാംപസിനുള്ളിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് റിപ്പോർട്ട് തേടി ആർപ്പൂക്കര പഞ്ചായത്ത്. പഞ്ചായത്തിനെ അറിയിക്കാതെയാണ് മെഡിക്കൽ കോളജ് വളപ്പിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതെന്നാണ് പരാതി. നിലവിലുള്ള മുഴുവൻ കെട്ടിടങ്ങളുടെയും ഫിറ്റ്നസ് റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് നോട്ടിസ് നൽകും. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് മെഡിക്കൽ കോളജിലെ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നത്.