39 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബദ്ധത്തില്‍ നടത്തിയ കൊലപാതകം ഏറ്റുപറഞ്ഞ് റിമാന്‍ഡില്‍ കഴിയുന്ന മുഹമ്മദലി , താന്‍ മറ്റൊരാളെ കൂടി കൊന്നുവെന്ന് മൊഴി. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് കടപ്പുറത്ത് സുഹൃത്തിനൊപ്പം ചേർന്ന് ഒരാളെ കൊന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരാള്‍ മരിച്ചതായി നടക്കാവ് പൊലീസ് സ്ഥിരീകരിച്ചു. കൂടരഞ്ഞിയിലെ കൊലപാതകത്തിന് തൊട്ടുപിന്നാലെ കോഴിക്കോട് ടൗണിൽ എത്തിയ മുഹമ്മദലി, ഹോട്ടലിൽ ജോലിചെയ്ത് ജീവിച്ചിരുന്ന കാലഘട്ടത്തിലാണ് ഈ സംഭവം ഉണ്ടായത്. Also Read:'സ്വസ്ഥതയില്ല സാറേ, കുറ്റബോധം കൊണ്ടുവയ്യ'; 39 വര്‍ഷത്തിന് ശേഷം കൊലക്കുറ്റം ഏറ്റുപറഞ്ഞ് പ്രതി
പതിനാലാം വയസില്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ ദേവസ്യ എന്നയാളുടെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ തോട്ടിലേക്ക് തള്ളിയിട്ട് കൊന്നുവെന്നായിരുന്നു വേങ്ങര സ്വദേശി മുഹമ്മദലി ജൂണ്‍ അഞ്ചിന് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. മൂത്തമകന്‍റെ മരണവും രണ്ടാമത്തെ മകന്‍റെ അപകട മരണവും കൂടിയായതോടെയാണ് കുറ്റബോധം കൊണ്ട് തനിക്ക് സ്വസ്ഥത നഷ്ടപ്പെട്ടതെന്നും ഇതുകൊണ്ടാണ് വിവരം തുറന്ന് പറയുന്നതെന്നും മുഹമ്മദലി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ രേഖകള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കൂടരഞ്ഞിയില്‍ 1986 ഡിസംബറില്‍ അജ്ഞാതന്‍ തോട്ടില്‍ വീണ് മരിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്‍റെ പത്രവാര്‍ത്ത മാത്രമാണ് പൊലീസിന്‍റെ കൈവശം നിലവിലുള്ളത്. അപസ്മാര രോഗിയായിരുന്ന ആളാണ് അന്ന് മരിച്ചതെന്നതിനാല്‍ സ്വാഭാവിക മരണമെന്നാണ് നാട്ടുകാരും പൊലീസും കരുതിയത്. എന്നാല്‍ യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട ശേഷം താന്‍ ഓടി രക്ഷപെടുകയായിരുന്നുവെന്നും രണ്ടു ദിവസം കഴിഞ്ഞ് നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് അന്ന് തോട്ടിലേക്ക് തള്ളിയിട്ടയാള്‍ മരിച്ചുവെന്ന് അറിഞ്ഞതെന്നും മുഹമ്മദലി വിശദീകരിച്ചിരുന്നു.
അതേസമയം, കൂടരഞ്ഞിയില്‍ മുഹമ്മദലി കൊലപ്പെടുത്തിയത് ഇരിട്ടി സ്വദേശിയെയെന്ന് സൂചന. ഇരുവരും ജോലി ചെയ്തിരുന്ന കൃഷിയിടത്തിന്‍റെ ഉടമയായ ദേവസ്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടുദിവസം മാത്രമാണ് ഇരുപതു വയസ് പ്രായമുള്ളയാള്‍ പറമ്പില്‍ പണിയെടുത്തതെന്നും പേരോ മറ്റുവിവരങ്ങളോ അറിയില്ലെന്നും ദേവസ്യ പറയുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി തിരുവമ്പാടി പൊലീസ് ഇന്ന് ഇരിട്ടിയിലേക്ക് തിരിക്കും.