കാല്‍നൂറ്റാണ്ട് മുൻപു ചെറുവാഞ്ചേരിയിലെ വീട്ടുമുറ്റത്ത്, ബോംബേറിൽ കാലു തകർന്ന് ചോരയിൽ കുളിച്ചു കിടന്ന ആറു വയസ്സുകാരി അസ്നയുടെ മുഖം കേരളജനത മറന്നിട്ടുണ്ടാകില്ല. ആത്മവിശ്വാസത്തിന്‍റെ പടവുകള്‍ കയറിയ ഡോക്ടറായ അസ്നയുടെ വിജയങ്ങള്‍ കേരളം ഒന്നിച്ചായിരുന്നു ആഘോഷിച്ചത്. ഇപ്പോഴിത അക്രമ രാഷ്ട്രീയത്തിന്‍റെ ഇരയായ അസ്ന സുമംഗലിയായി. ഇന്നായിരുന്നു അസ്നയുടെയും നിഖിലിന്‍റെയും വിവാഹം. ഷാര്‍ജയില്‍ എഞ്ചിനിയറാണ് വരനായ നിഖില്‍
2000 സെപ്റ്റംബർ 27ന്, തദ്ദേശ തിരഞ്ഞെടുപ്പു ദിനം, ബൂത്തിനു സമീപം വീട്ടുമുറ്റത്തു കളിക്കുന്നതിനിടെയാണ് ബോംബേറുണ്ടായത്. പോളിങ് ബുത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ബോംബേറില്‍ കലാശിച്ചത്. അന്നത്തെ സ്ഫോടത്തില്‍ അസ്നക്ക് പുറമേ അമ്മ ശാന്ത, സഹോദരന്‍ ആനന്ദ് എന്നിവര്‍ക്ക് പരുക്കേറ്റു. അസ്‌നയുടെ വലതുകാൽ അറ്റു. ശാന്തയ്‌ക്ക് അടിവയറ്റിലും ആനന്ദിന് ഇടതുകാൽ പാദം മുതൽ മുട്ടുവരെയും പരുക്കേറ്റു.
മൂന്നു മാസം വേദന കടിച്ചമർത്തി ആശുപത്രിയിൽ കഴിഞ്ഞപ്പോള്‍ ഡോക്ടർമാരിൽ നിന്നു ലഭിച്ച സ്നേഹവും പരിചരണവും ഡോക്ടറാകണമെന്ന മോഹം അസ്നയില്‍ വളര്‍ത്തി. വേദനയിലും തളരാതെ അസ്ന ആ ആഗ്രഹത്തെയും എത്തിപ്പിടിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം നേടി. എന്നാല്‍ അന്ന് നാലാം നിലയിലെ ക്ലാസ് മുറിയിലേക്ക് കയറാനാകാതിരുന്ന അസ്നക്കായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 38 ലക്ഷം രൂപ ചെലവിൽ കോളജിൽ ലിഫ്റ്റ് സ്ഥാപിച്ചു. ഒടുവില്‍ 2020 ഫെബ്രുവരി 6ന് അസ്ന സ്വന്തം നാടിന്‍റെ ഡോക്ടറായി.