പത്തനംതിട്ട അടൂരിലെ വിവാദ അനാഥാലയത്തിനെതിരെ കൂടുതൽ പരാതികൾ. അന്തേവാസികൾക്ക് ദുരിതമെന്നാണ് മുൻജീവനക്കാരിയുടെ പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായതിൽ നടത്തിപ്പുകാരി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.
സ്ഥാപനത്തിൽ കുറച്ചുദിവസം ജോലിചെയ്ത കൊല്ലം സ്വദേശി സന്ധ്യ പല്ലവിയാണ് പരാതിയുമായി രംഗത്തെത്തിയത്. അന്തേവാസികൾക്ക് ദുരിതമെന്നാണ് ആരോപണം. ഇതിൻറെ വീഡിയോയും പുറത്തുവിട്ടു. സന്ധ്യ തന്നെ അടൂർ പോലീസിൽ അടക്കം പരാതികൾ നൽകിയിട്ടുണ്ട്. സന്ധ്യക്കെതിരെയും അനാഥാലയം നടത്തിപ്പുകാർ ഒരു പരാതി നൽകിയിട്ടുണ്ട്. മറ്റൊരു അന്തേവാസിയായ നസീമയുടെ മരണത്തിലും പത്തനംതിട്ട സ്വദേശിയുടെ പരാതിയുണ്ട്. അനാഥാലയത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണി ആയതിൽ പോലീസ് കേസെടുത്തതിന് പിന്നാലെ 24 പെൺകുട്ടികളെ അനാഥാലയത്തിൽ നിന്നു മാറ്റിയിരുന്നു. കുഞ്ഞിന്റെയും അമ്മയുടെയും രക്തസാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. അനാഥാലയം നടത്തിപ്പുകാരിയുടെ ഇളയ മകനും ഒളിവിലാണ്. ഇയാളാണ് അന്തേവാസിയായ പെൺകുട്ടിയെ വിവാഹം കഴിച്ചത്. പെൺകുട്ടി പ്രായപൂർത്തിയാകും മുൻപ് ഇയാളിൽ നിന്നു ഗർഭിണിയായി എന്നാണ് നിലവിലെ പരാതി.