കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ജില്ലാ കലക്ടർ അന്വേഷണം തുടങ്ങി. ഒരാഴ്ചക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് നൽകും. അതേസമയം മെഡിക്കൽ കോളജിനുള്ളിലെ കെട്ടിടങ്ങൾക്ക് കൃത്യമായ അറ്റകുറ്റപ്പണി ഇല്ല. ആർപ്പൂക്കര പഞ്ചായത്തിന്റെ അനുമതി തേടാതെയാണ് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത്.
കെട്ടിടം ഇടിഞ്ഞുവീണെങ്കിലും മുഖ്യമന്ത്രി മന്ത്രിമാരും ഒക്കെ ഇന്നലെ ഉണ്ടായിരുന്നതിനാൽ കലക്ടർക്ക് അപകട സ്ഥലത്തേക്ക് എത്താനായില്ല. പക്ഷേ അപകടം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കലക്ടറെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്.
പത്താം ബ്ലോക്കിലുള്ളവർ മാത്രമാണ് ശുചിമുറി ഉപയോഗിച്ചതെന്ന് കലക്ടർ. മറ്റു ശുചിമുറികൾ പൂട്ടിയിട്ടെന്ന് സൂപ്രണ്ട് പറഞ്ഞത് സത്യമാണെന്നും കലക്ടർ. ബലക്ഷയമുള്ള കെട്ടിടത്തിൽ നിന്ന് പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് എന്തുകൊണ്ട് രോഗികളെ മാറ്റിയില്ല. ഓപ്പറേഷൻ തിയറ്റർ സജ്ജമാകാത്തതാണ് പ്രതിസന്ധി ആയതെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. ആശുപത്രിയിൽ മുടങ്ങിയ ശസ്ത്രക്രിയകൾ നാളെ പുനരാരംഭിക്കുമെന്നും ഡോക്ടർ വർഗീസ് പി പുന്നൂസ് പറഞ്ഞു.
അതേസമയം മെഡിക്കൽ കോളേജിനുള്ളിലെ വിവിധ കെട്ടിടങ്ങളിൽ ശുചിമുറിയോട് ചേർന്ന ഭാഗങ്ങളാണ് മിക്കതും പൊട്ടിപ്പൊളിയുന്നത്. പൈപ്പുകൾ മാറ്റുന്ന ഭാഗം ബലപ്പെടുത്തുന്നില്ല. വെള്ളം ഇറങ്ങി കെട്ടിടം ദുർബലമാകുന്നതായി മനോരമ ന്യൂസ് പകർത്തിയ ദൃശ്യങ്ങളിൽ വ്യക്തമാണ്. മരങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങി ബലക്ഷയത്തിന് കാരണമാകുന്നു.അതേസമയം മെഡിക്കൽ കോളജിൽ പുതിയ കെട്ടിടം നിർമിച്ചാൽ പഞ്ചായത്ത് അറിയാത്തതാണ് ഗുരുതര വീഴ്ച. ആർപ്പൂക്കര പഞ്ചായത്തിന്റെ അനുമതി തേടാറില്ല, ചില കെട്ടിടങ്ങൾക്ക് കെട്ടിടനമ്പറും ഇല്ല. ഫിറ്റ്നസ് കൊടുക്കുന്നത് പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് ' 2020 –ൽ ആർപ്പുക്കര പഞ്ചായത്ത് നടത്തിയ സേഫ്റ്റി ഓഡിറ്റിൽ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് രേഖപ്പെടുത്തിയിരുന്നതാണ്. പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത ആവശ്യമാണ്.