കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.സംഭവം നടന്ന് 26 മണിക്കുറുകള്‍ക്ക് ശേഷമാണ് അനുശോചനക്കുറിപ്പുമായി മന്ത്രിയെത്തിയത്.ബിന്ദുവിന്‍റെ മരണം വേദനിപ്പിക്കുന്നു. ‘ആ കുടുംബത്തിന്‍റെ ദുഖം എന്‍റെയും’ എന്ന്  വീണ ജോര്‍ജ് എഫ്ബിയില്‍ പ്രതികരിച്ചു.  

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ ;

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍  പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും.

ഇന്നലെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ചത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനം വൈകിയതിനാല്‍ രണ്ടുമണിക്കൂറിനുശേഷമാണ് ബിന്ദുവിനെ കണ്ടെടുത്തത്.

ബിന്ദുവിന്‍റെ മരണത്തില്‍ ഹൃദയം തകർന്നു നിൽക്കുന്ന കുടുംബത്തെ ചേർത്തു നിർത്താനും ആശ്വാസവാക്കുപറയാനും മന്ത്രിമാരാരും എത്തിയില്ല എന്ന് ആരോപണം ഉയരുന്നതിനിടെയാണ് ഒരു പകലും ഒരു രാത്രിയും പിന്നിട്ടശേഷം ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രിയെത്തിയത്.

ഇന്ന് മണിക്കൂറുകള്‍ മുന്‍പ് ആരോഗ്യമന്ത്രിയുടെ  ഓഫീസില്‍ നിന്നുവന്ന വാര്‍ത്താക്കുറിപ്പിലും ബിന്ദുവിന്‍റെ മരണത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ടായിരുന്നില്ല. ഇന്ന് മന്ത്രിയുടെ വസതിക്കു മുന്‍പില്‍ രാവിലെ മുതല്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടും മന്ത്രി പ്രതികരിച്ചിരുന്നില്ല.

ENGLISH SUMMARY:

Kerala Health Minister Veena George expressed condolences on Facebook over the death of Bindu, who was killed in the Kottayam Medical College building collapse. The statement came 26 hours after the tragic incident. In her post, the minister said Bindu’s death was heartbreaking and that the family's grief is her own.