കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തത്തില്‍ മരിച്ച ബിന്ദുവിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി. ദുരന്തത്തിന്‍റെ രണ്ടാം നാള്‍ പ്രതിഷേധം കനത്തതോടെയാണ് മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. ബിന്ദുവിന്‍റെ കുടുംബത്തിന് സഹായം നല്‍കും. സര്‍ക്കാരിന്‍റെ പിന്തുണ അവര്‍ക്കുണ്ടാകുമെന്നും മുഖ്യമന്ത്രി ഫെയ്സ് ബുക് പോസ്റ്റില്‍ വ്യക്തമാക്കി.
Also Read: ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തം; മാര്‍ച്ചില്‍ സംഘര്‍ഷം
ബിന്ദുവിന്റെ ഭര്‍ത്താവിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. രണ്ട് ദിവസത്തിനകം വീട്ടിലെത്താമെന്ന് ഉറപ്പ് നല്‍കി. സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രിയുടെ ഉറപ്പ്. ആവശ്യങ്ങള്‍ പറയുമെന്നും പറയേണ്ട കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
കോട്ടയം മെഡി. കോളജ് ആശുപത്രിയിലെ ബലക്ഷയത്തില്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. ഇത് മനസിലാക്കി പുതിയ കെട്ടിടം നിര്‍മ്മിച്ചു, രോഗികളെ മാറ്റുന്നതിനിടെയാണ് അപകടമെന്നും എം.വി.ഗോവിന്ദന്‍. പ്രതിപക്ഷം നടപ്പാക്കുന്നത് കനഗോലൂ സിദ്ധാന്തമെന്നും നല്ലതിനെ മോശമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചുവെന്ന വാദം എം.വി.ഗോവിന്ദന്‍തള്ളി . അപകടസമയം മുതല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. മരിച്ചയാളുടെ ബന്ധുക്കള്‍ക്കും പരാതിയില്ല. മണ്ണുമാന്തി എത്തിക്കാനുള്ള സൗകര്യം ഒരുക്കേണ്ടിവന്നു. ഇത് എത്തിക്കാനെടുത്ത കാലതാമസമാണുണ്ടായതെന്നും എം.വി.ഗോവിന്ദന്‍ വിശദീകരിച്ചു.
ഇതിനിടെ സംസ്ഥാനത്തെ ആശുപത്രികളിലെ ദുരവസ്ഥയില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി നല്‍കി. അടിസ്ഥാന സൗകര്യങ്ങളടക്കം ഉറപ്പുവരുത്തണമെന്നും കാര്യക്ഷമത ഉറപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെതിരെ നഴ്സുമാരുടെ സംഘടന രംഗത്തെത്തി. മേലധികാരികളുടെ വീഴ്ച മറക്കാൻ നഴ്സുമാരെ കരുവാക്കുന്നുവെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ കേരള ഗവ നഴ്സസ് യൂണിയൻ ആരോപിച്ചു. രോഗികൾ കെട്ടിടം ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ഹെഡ് നഴ്സിന്റെ ചുമതലയാണ് എന്നായിരുന്നു ഡോക്ടർ ജയകുമാറിന്റെ പ്രസ്താവന. കെട്ടിടത്തിന്റെ അപകടാവസ്ഥ പലവട്ടം മേലധികാരികളെ അറിയിച്ചിരുന്നുവെന്നും വീഴ്ച സംഭവിച്ചപ്പോൾ നഴ്സുമാരുടെ മേൽ പഴിചാരുന്നത് അംഗീകരിക്കാൻ ആകില്ലെന്നും സംഘടന അറിയിച്ചു. കേരള ഗവൺമെൻറ് നഴ്സസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്