കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്‍റെ വിയോഗ വാര്‍ത്ത താങ്ങാനാകാതെ ഉള്ളുലഞ്ഞ് കുടുംബം. തലയോലപറമ്പിലെ വീട്ടുവളപ്പില്‍ കരഞ്ഞ് തളര്‍ന്നിരിക്കുകയാണ് ബിന്ദുവിന്‍റെ മകനും മകളും ഭര്‍ത്താവും. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ നിസ്സഹായരായി ബന്ധുക്കളും. അമ്മയുടെ ചലനമറ്റ ശരീരത്തിനരികെ നെഞ്ചുപൊട്ടി കരയുന്ന മകന്‍ നവനീത് കണ്ടുനില്‍ക്കുന്നവരുടെ ഉള്ളുലയ്ക്കുന്ന ചിത്രമാണ്, ആദ്യശമ്പളം അമ്മയ്ക്കു നൽകാൻ കൊതിച്ച മകനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരമായിരുന്നു.

നവനീതിനു കഴിഞ്ഞ മാസമാണ് എറണാകുളത്തു ജോലി ലഭിച്ചത്. ആദ്യശമ്പളം കിട്ടിയത് കഴിഞ്ഞ ദിവസവും. ആ ശമ്പളം അമ്മയുടെ കൈകളിലേല്‍പ്പിക്കാന്‍ കാത്തിരിക്കുകയായിരുന്നു നവനീത്. എന്നാല്‍ അമ്മയും സഹോദരിയും ആശുപത്രിയിലായതിനാൽ അതിന് സാധിച്ചില്ല. തുടർന്നാണ് ഇന്നലെയാണ് നവനീത് ആശുപത്രിയിലെത്തിയത്. നവനീതിനെ കാത്തിരുന്നതാകട്ടെ അമ്മയുടെ ദുരന്തവാര്‍ത്തയും. അപകടത്തിൽ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞതും നവനീതായിരുന്നു. ആ മകനെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. 

കുടുംബസ്വത്തായി ലഭിച്ച 5 സെന്റ് സ്ഥലത്തു നിർമാണം പൂർത്തിയാകാത്ത ചെറിയ വീട്ടിലാണ് ബിന്ദുവും ഭർത്താവ് വിശ്രുതനും മക്കളായ നവമിയും നവനീതും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും താമസിക്കുന്നത്. ബിന്ദുവിന്‍റെ വരുമാനമായിരുന്നു ഏക ആശ്രയമെന്നും ഭര്‍ത്താവ് വിശ്രുതന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ആന്ധ്രയിൽ അപ്പോളോ നഴ്സിങ് കോളജിലെ അവസാനവർഷ വിദ്യാർഥിനിയാണ് മകള്‍ നവമി, നവമിയുടെ ചികല്‍സയ്ക്കായാണ്  കഴിഞ്ഞ ചൊവ്വാഴ്ച  മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗത്തില്‍ എത്തിയത്.

ബിന്ദുവിന്‍റെ മൃതദേഹം ഇന്ന്  തലയോലപ്പറമ്പിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകി. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വീട്ടിലേയ്ക്കെത്തിച്ചു. 7.30 മുതൽ 11വരെ പൊതുദർശനമുണ്ടാകും. രാവിലെ 11ന് സംസ്കാര ചടങ്ങുകൾ നടക്കും.

ENGLISH SUMMARY:

The family of Bindu, who died in the Kottayam Medical College building collapse, is devastated. Her son Navaneeth, who came to gift his first salary, was met with the tragedy of his mother's death. Funeral to be held in Thalayolaparambu today.