കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെയും മന്ത്രിമാരുടേയും വാദത്തെ പൊളിച്ച് രോഗികളും കൂട്ടിരുപ്പുകാരും. ഇടിഞ്ഞുവീണ കെട്ടിടം ഉപയോഗശൂന്യവും പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്തതുമായിരുന്നു എന്നാണ് ആശുപത്രി അധികൃതരും മന്ത്രിമാരും പറഞ്ഞിരുന്നത്. എന്നാല്‍ കെട്ടിടത്തില്‍ തങ്ങള്‍ പോവുമായിരുന്നുവെന്നും പ്രവേശനം അരുത് എന്ന ഒരു ബോര്‍ഡ് പോലും പരിസരിത്ത് ഉണ്ടായിരുന്നില്ലെന്നും രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നു.
'ബാത്ത്റൂം പൊട്ടിപൊളിഞ്ഞിരിക്കുകയാണ്. ഇടിഞ്ഞുവീഴുന്നതിന് മുന്‍പ് അവിടെ പോയി കൈ കഴുകിയതാണ്. ആ കെട്ടിടം ഉപയോഗിച്ചുകൊണ്ടിരുന്നതാണ്. ഞങ്ങളൊക്കെ അതിലാണ് പോയിക്കൊണ്ടിരുന്നത്. ഞങ്ങളുടെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്. ഞങ്ങള്‍ ബാത്ത്റൂമില്‍ പോവാന്‍ തുടങ്ങിയതാണ്. ഇവര്‍ പറയുന്നത് നേരല്ല, അവിടെ ആളുകളുണ്ടായിരുന്നു. ആ ബ്ലോക്ക് അടച്ചിട്ടിരിക്കുകയായിരുന്നു എന്ന് മന്ത്രിമാര്‍ പറയുന്നത് ശരിയല്ലെന്നും കൂട്ടിരിപ്പുകാര്‍ പറഞ്ഞു.
മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിനെ രണ്ടര മണിക്കൂറിന് ശേഷമായിരുന്നു പുറത്തെടുത്തത്. പുറത്തെടുത്തപ്പോൾ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്. മകളുടെ ചികിത്സയ്ക്കായാണ് ബിന്ദു ആശുപത്രിയിലെത്തിയത്.