കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ദുരന്തസ്ഥലം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മന്ത്രിമാരായ വീണാ ജോര്‍ജും വിഎന്‍ വാസവനും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. ഗാന്ധിനഗറില്‍ മുഖ്യമന്ത്രിക്കുനേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു .
വീണാ ജോര്‍ജിനേയും വിഎന്‍ വാസവനേയും കരിങ്കൊടി കാണിച്ചു. തൊടുപുഴയില്‍ ധനമന്ത്രിക്കു നേരെയും കരിങ്കൊടി പ്രതിഷേധമുയര്‍ന്നു.
Also Read: ജനങ്ങളോട് കള്ളം പറഞ്ഞതെന്തിന്? ജുഡീഷ്യല്‍ അന്വേഷണം വേണം; തിരുവഞ്ചൂര്‍
കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ മരണം സ്ഥിരീകരിച്ചതോടെ ഉദ്യോഗസ്ഥരെ പഴിച്ച് സ്വന്തം വീഴ്ച മറയ്ക്കാനുള്ള മന്ത്രിമാരുടെ തത്രപ്പാടായിരുന്നു ഇന്ന് സംസ്ഥാനം കണ്ടത്. അടച്ചിട്ട കെട്ടിടമെന്നും ആരും കുടുങ്ങിയില്ലെന്നും ആദ്യം പ്രതികരിച്ചത് പ്രിന്‍സിപ്പലിന്‍റെയും സൂപ്രണ്ടിന്‍റെയും വാക്കുകേട്ടെന്ന് ആരോഗ്യമന്ത്രിയുടെ ന്യായീകരണം. തിരച്ചില്‍ വൈകിയില്ലെന്ന് അവകാശപ്പെടാനും മന്ത്രിമാര്‍ മടിച്ചില്ല.
എന്നാല്‍ മന്ത്രിമാരുടെ വാക്കുകളിലെ കാപട്യം ആശുപത്രിയിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും തുറന്നുകാട്ടി. ഇതോടെ ആദ്യം പറഞ്ഞതെല്ലാം വിഴുങ്ങി ന്യായീകരണ ക്യാപ്സ്യൂളുകളുമായി മന്ത്രിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. തടിതപ്പാന്‍ കള്ളംപറഞ്ഞതിന്‍റെ ജാള്യതയില്ലാതെയായിരുന്നു ആരോഗ്യ മന്ത്രിയുടെ വിശദീകരണം. രക്ഷാപ്രവര്‍ത്തനം വൈകിയത് അംഗീകരിക്കാന്‍ മടിച്ച മന്ത്രിമാര്‍ ദുര്‍ഘടമായ സ്ഥലത്ത് യന്ത്രങ്ങളെത്തിച്ചതിന്‍റെ വീമ്പ് പറഞ്ഞ് വീഴ്ച മറയ്ക്കാനും ശ്രമിച്ചു. ഒടുവില്‍ ചടങ്ങുപോലെ എല്ലാം അന്വേഷിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
68 വര്‍ഷം പഴക്കമുള്ള കെട്ടിടം അതീവ അപകടാവസ്ഥയിലെന്ന് 2013ല്‍ തന്നെ കണ്ടെത്തിയെന്നു പറഞ്ഞ് കുറ്റം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ തലയിലാക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ ശ്രമം. ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും ഭരിച്ചിട്ടും 12 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ കെട്ടിടം രോഗികള്‍ ഉപയോഗിച്ചത് ആരുടെ പിടിപ്പുകേട് എന്ന ചോദ്യത്തിന് മാത്രം മറുപടിയില്ല.
വ്യാപക പ്രതിഷേധം
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം അരങ്ങേറി. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പൊലീസുമായി ഉന്തും തള്ളും . അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മന്ത്രി വീണാ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്ളിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി.
പിന്നാലെ കെഎസ്‍യു പ്രവര്‍ത്തകരുമെത്തിയതോടെ തലസ്ഥാനം സംഘര്‍ഷഭരിതമായി. തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. പത്തനംതിട്ടയിലും ആരോഗ്യമന്ത്രിയുടെ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിലേക്കും യൂത്ത് കോണ്‍ഗ്രസിന്‍റെയും യൂത്ത് ലീഗിന്‍റെയും പ്രകടനവും നടന്നു.
കോഴിക്കോട് ഡിഎംഒ ഓഫിസിലേയ്ക്കും യൂത്ത് ലീഗ് മാര്‍ച്ച് നടത്തി. എറണാകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അരങ്ങേറി. ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി