സാങ്കേതികത്തകരാറു മൂലം തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടിഷ് നാവികസേനയുടെ എഫ്-35ബി യുദ്ധവിമാനം നന്നാക്കാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. വിമാനം നന്നാക്കാന്‍ കഴിയില്ലെന്നും പൊളിച്ചുമാറ്റാന്‍ സാധ്യതയുണ്ടെന്നുമാണ് ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ് 18 ന്‍റെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിമാനം പൊളിച്ച് അതിന്‍റെ ഭാഗങ്ങള്‍ കൊണ്ടുപോകുന്നതിനായി ബ്രിട്ടീഷ് നാവികസേന ഒരു വലിയ വിമാനം അയയ്ക്കുന്നുണ്ടെന്നും വിമാനത്തിന്‍റെ പാർക്കിങ്, ഹാംഗർ ഫീസ് ഉൾപ്പെടെയുള്ള എല്ലാ കുടിശ്ശികകളും ബ്രിട്ടന്‍ ഇന്ത്യയ്ക്ക് നല്‍കുമെന്ന് ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം വിമാനത്തിന്‍റെ ഏതെല്ലാം ഭാഗങ്ങള്‍ ബ്രിട്ടണ്‍ പൊളിച്ചുകൊണ്ടുപോകുമെന്നത് വ്യക്തമായിട്ടില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യാനായി യുകെയിൽ നിന്നും പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍നിന്നു പറന്നുയര്‍ന്ന ബ്രിട്ടിഷ് നാവികസേനയുടെ 110 മില്യണ്‍ ഡോളര്‍ വിലവരുന്ന അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റ് വിമാനമാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ജൂണ്‍ 14ന് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. ലാന്‍ഡിങ്ങിനു ശേഷം നടത്തിയ പരിശോധനയില്‍ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ബ്രിട്ടിഷ് യുദ്ധവിമാനം എഫ് 35 ബിയെ പരസ്യത്തിൽ ഉൾപ്പെടുത്തി കേരള ടൂറിസം രംഗത്തെത്തിയിരുന്നു. 'കേരളം അതിമനോഹരം വന്നാൽ ഇവിടെ വിട്ടുപോകാൻ തോന്നുന്നില്ല' എന്ന ക്യാപ്ഷനോടെയാണ് പരസ്യം കേരള ടൂറിസം പങ്കിട്ടത്.