സ്ത്രീധന പീഡനത്തെ തടര്‍ന്ന് വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീംകോടതി. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലായതിനാലാണ് സുപ്രീംകോടതിയുടെ നടപടി. ശിക്ഷ മരവിപ്പിച്ചതിനാല്‍ കിരണ്‍ കുമാറിന് പുറത്തിറങ്ങാം. കോടതി വെറുതെവിട്ടാലും ദൈവത്തിന്റെ കോടതിയില്‍ ശിക്ഷ കിട്ടുമെന്ന് വിസ്മയയുടെ അച്ഛന് മനോരമ ന്യൂസിനോട് പറഞ്ഞു.
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലത്ത് BAMS വിദ്യാര്‍ഥി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി ഭര്‍ത്താവ് കിരൺകുമാറിനെ 10 വർഷത്തെ തടവിനാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. എന്നാൽ, ഇതിനെതിരേ കിരൺകുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീലിൽ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരൺകുമാർ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യം കോടതി അംഗീകരിച്ചു.
വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കിരൺ ഹൈക്കോടതിയില്‍ നല്കിയ അപ്പീലില്‍ രണ്ടു വർഷമായിട്ടും തീരുമാനാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തേ കേസിൽ കിരൺകുമാറിന് കോടതി പരോളും അനുവദിച്ചിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നുമാണ് ഹർജിയിലെ വാദം.
മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരൺകുമാർ ഹര്‍ജിയില്‍ വാദിച്ചു. അഭിഭാഷകൻ ദീപക് പ്രകാശാണ് കിരൺ കുമാറിനായി വാദിച്ചത്. 2022 മേയിലാണ് കിരണിന് കോടതി 10 വര്‍ഷം തടവും 12.55 ലക്ഷം പിഴയും വിധിച്ചത്.