തിരുവനന്തപുരത്ത് ഉപകരണങ്ങളുടെ കുറവാണെങ്കില്‍, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ കുറവാണ് ശസ്ത്രക്രിയകളെ പ്രതിസന്ധിയിലാക്കുന്നത്. ഡോക്ടര്‍മാരുടെ ആറുശതമാനം ഉള്‍പ്പടെ 13 ശതമാനം ജീവനക്കാരുടെ കുറവാണ് ഇവിടെയുള്ളത്.
ഒപിയില്‍ മാത്രം ഒരു ദിവസമെത്തുന്നത് 3500 രോഗികള്‍. അത്യാഹിത വിഭാഗത്തില്‍ ശരാശരി 700 പേര്‍. 3000 ലേറെ പേര്‍ കിടത്തിചികിത്സയിലുണ്ട്. ഇത്രയും പേരെ ചികില്‍സിക്കാനുള്ള ഡോക്ടര്‍മാരോ നഴ്സുമാരോ ആശുപത്രിയിലില്ല. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍റെ പരിശോധനയ്ക്ക് മുന്നോടിയായി 31 ഡോക്ടര്‍മാരെയാണ് കാസര്‍ക്കോട്ടെയ്ക്കും വയനാട്ടിലേക്കും സ്ഥലം മാറ്റിയത്. 250 ഹൗസ് സര്‍ജന്‍മാര്‍ കൂടി കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതോടെ ആശുപത്രി പ്രവര്‍ത്തനം പൂര്‍ണമായും താളംതെറ്റി.
ഡോക്ടര്‍മാരുടെ കുറവ് കാര്യമായി ബാധിച്ചത് ജനറല്‍മെഡിന്‍ വിഭാഗത്തെയാണ്. നിലവില്‍ നാല് അസിസ്റ്റന്‍റ് പ്രഫസര്‍മാരുടെ ഒഴിവുകളുണ്ട്. പരുക്കേറ്റ് എത്തുന്നവര്‍ക്ക് അടിയന്തര ശസ്ത്രക്രിയ ചെയ്യാന്‍ സീനിയര്‍ ഡോക്ടരുമാരില്ല. നഴ്സുമാരുടെയും അവസ്ഥയും സമാനമാണ്. 1960 ലെ സ്റ്റാഫ് പാറ്റേണ്‍ തുടരുന്ന ഇവിടെ നിലവില്‍ 50 രോഗികള്‍ക്ക് ഒരു നഴ്സാണുള്ളത്. അടുത്തിടെ തുറന്ന പുതിയ ബ്ലോക്കുകളും പഴയ സ്റ്റാഫിനെ വച്ചാണ് പ്രവര്‍ത്തിക്കുന്നത്.