സത്യം പറഞ്ഞതിന് പഴി കേള്‍ക്കുമ്പോള്‍ താന്‍ നടത്തിയത് ഔദ്യോഗിക ജീവിതത്തിലെ ആത്മഹത്യയെന്ന് തുറന്നടിച്ച് ഡോ. ഹാരിസ് ചിറക്കല്‍. തനിക്കെതിരെ വിമര്‍ശമുന്നയിച്ച മുഖ്യമന്ത്രിയെ ഗുരുനാഥനെന്ന് വിശേഷിപ്പിച്ച ഡോക്ടര്‍ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല ഉയര്‍ച്ചയിലേയ്ക്ക് പോകുമെന്നും പ്രതികരിച്ചു. ആരോഗ്യമേഖലയെ പിടിച്ചു കുലുക്കുന്ന വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം വിദഗ്ധസമിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനിക്കും.
ലോകം മുഴുവന്‍ പിന്തുണയ്ക്കുമ്പോള്‍ താന്‍ വിശ്വസിച്ച പാര്‍ട്ടിയും മുഖ്യമന്ത്രിയും നേതാക്കളുമടക്കം തനിക്കെതിരെ തിരിഞ്ഞതോടെയാണ് താന്‍ നടത്തിയത് പ്രഫഷണല്‍ സൂയിസൈഡെന്ന ചിന്ത ഹാരിസ് മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്. ഒപ്പം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരം സംവിധാനം വേണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു.
മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും മെഡിക്കല്‍ കോളജിനു നേരെയുളള സമരങ്ങള്‍ തന്‍റെ ഉദ്ദേശ ശുദ്ധി തകര്‍ക്കുമെന്നും ഡോ. ഹാരിസ് പറഞ്ഞു. നമ്പര്‍ വണ്ണെന്ന് മേനി പറഞ്ഞിരുന്ന ആരോഗ്യമേഖല ഐസിയുവിലാണെന്ന് തെളിയാന്‍ കാരണക്കാരനായ ഡോക്ടര്‍ക്കെതിരെ എന്തു നടപടി വരുമെന്ന ചര്‍ച്ചയാണ് ഉയരുന്നത്. സംവിധാനത്തിലെ പരാജയം തുറന്നടിച്ച ഡോക്ടര്‍ക്കെതിരെ നപടിയുണ്ടായാല്‍ സമരത്തിലേയ്ക്ക് പോകുമെന്ന് ഇന്നും ആവര്‍ത്തിച്ച ഡോക്ടര്‍മാരുടെ സംഘടനയുടെ മുന്നറിയിപ്പ് സര്‍ക്കാരിന്‍റെ മുമ്പിലുണ്ട്.
ഡോ. ഹാരിസ് നടത്തിയത് സര്‍വീസ് ചട്ടലംഘനമാണെന്ന് അന്വേഷണസമിതി വിലയിരുത്തിയെങ്കിലും ജനവികാരം മുഴുവന്‍ ഡോക്ടര്‍ക്കൊപ്പമായതിനാലും ഡോക്ടര്‍മാരുടെ വന്‍ എതിര്‍പ്പ് ക്ഷണിച്ച് വരുത്തുമെന്നതുകൊണ്ടും കടുത്ത നടപടികള്‍ക്ക് സാധ്യത കുറവാണ്. അതിനും മുകളില്‍ മുഖ്യമന്ത്രിയുടെ ഭാഷയില്‍ ആരോഗ്യ കേരളത്തിന് അവമതിപ്പുണ്ടാക്കിയ ഇടതു പക്ഷക്കാരന്‍ ഡോക്ടറോട് രാഷ്ട്രീയ നേതൃത്വം പകപോക്കുമോ എന്ന ആകാംക്ഷയാണ് ബാക്കി.