പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച 93 ലക്ഷത്തിന്‍റെ ഡിജിറ്റല്‍ എക്‌സ്റേ മെഷീന്‍ എലി തിന്നു നശിച്ചിട്ടു മൂന്നു വര്‍ഷമായിട്ടും ഒരു നടപടിയുമില്ല. ആശുപത്രി അധികൃതരുടെ ഗുരുതര അനാസ്ഥമൂലമാണ് നശിച്ചതെന്ന് ആരോപണം ഉയര്‍ന്നതിനു പിന്നാലെ വിജിലന്‍സ് അന്വേഷണം നടന്നെങ്കിലും കാര്യമായ നീക്കമൊന്നുമുണ്ടായില്ല. ആധുനിക സൗകര്യങ്ങള്‍ ഇല്ലാതെ രോഗികള്‍ ഇന്നും വലയുകയാണ്.
ഡോ.ഹാരിസ് ഹസന്‍റെ തുറന്നുപറച്ചിലില്‍ ആരോഗ്യമേഖലയിലെ വീഴ്‌ചകള്‍ ഓരോന്നായി പുറത്തുവരുന്നുണ്ട്. ഇതുവരെ കേട്ടത് സര്‍ക്കാര്‍ തുക അനുവദിക്കാത്തതും ഉപകരണങ്ങള്‍ ഇല്ലാത്തതുമൊക്കെയാണെങ്കില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ നിസംഗതയുടെ, അനാസ്ഥയുടെ ചിത്രം മറ്റൊരു തരത്തിലാണ്. മൂന്നുവര്‍ഷം മുമ്പാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ഡിജിറ്റല്‍ എക്‌സറേ യന്ത്രം ലഭിക്കുന്നത്. 93 ലക്ഷത്തോളം വിലവരുന്ന യന്ത്രം. പ്രവര്‍ത്തിച്ചു തുടങ്ങും മുമ്പേ നശിച്ചു. എലി കടിച്ചു നശിപ്പിച്ചെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
എക്‌സറേ സ്ഥാപിക്കാനാവശ്യമായ ഭൗതിക സാഹചര്യം ആശുപത്രിയില്‍ ഒരുക്കണമെന്നും എലിയും പാറ്റയും നശിപ്പിച്ചാല്‍ വാറണ്ടി പരിധിയില്‍ ഉള്‍പ്പെടില്ലെന്നും കരാര്‍ വ്യവസ്ഥയിലുണ്ടായിരുന്നു. അതെല്ലാമിരിക്കെയാണ് ആശുപത്രി അധികൃതര്‍ ഗുരുതരമായി വീഴ്‌ചവരുത്തിയത്. യന്ത്രം നന്നാക്കിയെടുക്കാന്‍ 32 ലക്ഷം വേണമെന്നിരിക്കെ അതിനും ശ്രമം നടന്നില്ല. അനാസ്ഥയില്‍ എലിയെ പഴിചാരി ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുകയാണെന്നാണ് ആരോപണം
വിഷയത്തില്‍ വിജിലന്‍സിനടക്കം പരാതി നല്‍കിയെങ്കിലും വര്‍ഷങ്ങളായിട്ടും ഒരു നടപടിയും എടുത്തില്ല. ലക്ഷക്കണക്കിനു രോഗികള്‍ക്ക് ആശ്വാസമാവേണ്ടിയിരുന്ന യന്ത്രം ചിതല് വിഴുങ്ങി ഇരുട്ടില്‍ തന്നെയുണ്ട്. അതുപോലൊരു യന്ത്രം പിന്നെ ആശുപത്രിയിലെത്തിയിട്ടില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ എക്‌സറേക്കും സ്‌കാനിങിനും ഇതുപോലെ പുറത്തേക്ക് ഓടണം.