rain-monsoon-2

വരും ദിവസങ്ങളിലും കനത്തമഴയായിരിക്കുമോ? കാലവര്‍ഷം രണ്ടാം മാസത്തിലേക്കു കടക്കുമ്പോള്‍ കേരളം ചോദിക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്നിതാണ്.  ജൂലൈ മാസത്തിലും പരക്കെ മഴകിട്ടും. കേരളത്തില്‍  കനത്ത മഴക്ക് സാധ്യത വടക്കന്‍ ജില്ലകളിലാണെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. കാസര്‍കോട്, വയനാട് , കോഴിക്കോട്, പാലക്കാട് ജില്ലകളില്‍  ലഭിക്കേണ്ടതിനെക്കാള്‍ കൂടുതല്‍ മഴ കിട്ടാനാണ് സാധ്യത. മലയോര പ്രദേശങ്ങളിലാവും മഴ ശക്തമാകുക. 

മലപ്പുറം , തൃശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം ജില്ലകളില്‍ പൊതുവെ മഴകുറവായിരിക്കും, എങ്കിലും ഈ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ മഴ ലഭിക്കും. അതി തീവ്രമഴക്കുള്ള സാധ്യതകള്‍ കുറവാണെന്നാണ് ഇപ്പോള്‍ കാലാവസ്ഥാ വകുപ്പ് പറയുന്നത്. പക്ഷെ ന്യൂനമര്‍ദങ്ങളും ചക്രവാത ചുഴികളും രൂപംകൊള്ളുന്നതനുസരിച്ച് മഴയുടെ സ്വഭാവവും മാറാം.  ജൂലൈയിലും അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദങ്ങള്‍ക്ക് സാധ്യതയുണ്ട്. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെയും ദക്ഷിണേന്ത്യയിലെയും ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളൊഴികെ രാജ്യത്താകെ നല്ല മഴ കിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. കര്‍ണാടക, ഹിമാചല്‍, ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ അതി തീവ്രമഴയ്ക്കും ഇടയുണ്ട്. 

 ജൂണ്‍ മാസത്തില്‍ സാമാന്യം നല്ലമഴയാണ് രാജ്യമെങ്ങും ലഭിച്ചത്. മേയ് 24 ന് കേരളത്തിലെത്തിയ കാലവര്‍ഷം ജൂണ്‍ 26 ആയപ്പോഴേക്കും രാജ്യത്ത് ഒട്ടു മിക്കഭാഗങ്ങളിലും മഴയെത്തിച്ചു.  ജൂണില്‍  70 തീവ്രമഴ സംഭവങ്ങളാണ് രാജ്യമെമ്പാടു നിന്നും റിപ്പോര്‍ട്ട് ചെയ്തത്.  കഴിഞ്ഞ മണ്‍സൂണ്‍കാലത്ത് ഇത് 51 മാത്രമായിരുന്നു. 

ENGLISH SUMMARY:

As Kerala moves into the second month of the monsoon, one of the most asked questions is whether heavy rains will continue. According to the India Meteorological Department (IMD), widespread rainfall is expected across the state in July. Northern districts like Kasaragod, Wayanad, Kozhikode, and Palakkad are likely to receive above-average rainfall. The intensity will be higher in hilly areas.