കണ്ണൂരില്‍ കുട്ടിയുടെ കളിപ്പാട്ടത്തിനടിയില്‍ രാജവെമ്പാല. ചെറുവാഞ്ചേരി സ്വദേശിയും ചൊക്ലി സ്റ്റേഷനിലെ പൊലീസുകാരനുമായ പി.പി ശ്രീജിത്തിന്‍റെ വീട്ടില്‍ നിന്നാണ് രാജവെമ്പാലയെ കണ്ടെത്തിയത്. പാമ്പിനെ സുരക്ഷിതമായി പിടികൂടി വനത്തില്‍ തുറന്നുവിട്ടു.
ചൊക്ലി സ്റ്റേഷനിലെ സിപിഓ ശ്രീജിത്തിന്‍റെ മകന് വാങ്ങി നല്‍കിയ ഇലക്ട്രോണിക് ടോയ് കാറിനടിയില്‍ നിന്നാണ് ഉഗ്രവിഷമുള്ള ഗണത്തില്‍ പെട്ട രാജവെമ്പാലയെ കണ്ടെത്തയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മുത്തശ്ശി വരാന്തയിലേക്ക് ഇറങ്ങിയപ്പോഴാണ് പത്തിവിടര്‍ത്തി ചീറ്റുന്ന രാജവെമ്പാലയെ ആദ്യം കണ്ടത്. പേടിച്ച് വാതിലടച്ചു. ഈ സമയം പാമ്പ് വരാന്തയിലുണ്ടായിരുന്ന കുട്ടിയുടെ ടോയ് കാറിനടിയിലേക്ക് മാറി. എട്ടടി നീളമുണ്ടായിരുന്നു രാജവെമ്പാലയ്ക്ക്.
ആര്‍ക്കും അത്യാഹിതമൊന്നും സംഭവിച്ചില്ല. ഏഴുവയസുകാരനായ കുട്ടി വീടിനകത്തായിരുന്നു. സര്‍പ്പ വളണ്ടിയറായ ബിജിലേഷ് കോടിയേരിയാണ് വിദഗ്ധമായി പാമ്പിനെ പിടികൂടിയത്. പിന്നീട് ഉള്‍വനത്തില്‍ തുറന്നുവിട്ടു. കണ്ണവം വനമേഖലയ്ക്കടുത്തുള്ള സ്ഥലമാണ് ചെറുവാഞ്ചേരി. സാധാരണ വനമേഖയില്‍ മാത്രം കാണപ്പെടുന്ന രാജവെമ്പാലകള്‍ ഇണചേരല്‍ സമയങ്ങളിലാണ് കാടിന് പുറത്തിറങ്ങുന്നത്.