ഡോ.ഹാരിസിന്‍റെ തുറന്നുപറച്ചിലില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപകരണങ്ങള്‍ ഇല്ലാത്ത സ്ഥിതി ചിലപ്പോള്‍ ഉണ്ടാകാം. എപ്പോഴും ഈ നിലയല്ലെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. തുറന്നുപറച്ചില്‍ ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിച്ചെന്നും എല്ലാവരും ഇത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
അതേസമയം, താന്‍ പറഞ്ഞതെല്ലാം സത്യമെന്ന് തെളിഞ്ഞെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണപ്രതിസന്ധി വെളിപ്പെടുത്തിയ ഡോ ഹാരിസ്. ഡോക്ടറുടെ തുറന്നുപറച്ചിലില്‍ ആരോഗ്യവകുപ്പ് അടിമുടി ഉലഞ്ഞപ്പോള്‍ ഉപകരണങ്ങള്‍ ശരവേഗത്തിലെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വിമാനമാര്‍ഗം എത്തിച്ചതോടെ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചു.
ഡോക്ടര്‍മാരുടെ ദിനമായ ഇന്ന് ഡോ ഹാരിസിന് മനസ് നിറഞ്ഞു ചിരിക്കാം. ഡോക്ടറുടെ ഒറ്റയാള്‍ പോരാട്ടത്തിനു പിന്നാലെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിച്ചു. യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന ലിത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങള്‍ ഹൈദരാബാദില്‍ നിന്ന് വിമാനമാര്‍ഗമാണ് രാവിലെ എത്തിച്ചത്. മൂന്നു ദിവസമായി ശസ്ത്രക്രിയ കാത്ത് അഡ്മിറ്റ് ചെയ്തിരുന്ന രോഗികള്‍ക്ക് ശസ്ത്രക്രിയകള്‍ രാവിലെ മുതല്‍ നടത്തി. ഇതില്‍ കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിയും ഉള്‍പ്പെടുന്നു. 23 കാരന്‍റെ ശസ്ത്രക്രിയ മുടങ്ങിയതാണ് ഡോക്ടറുടെ പ്രതിഷേധത്തിന് വഴിവച്ചത്.
വകുപ്പു മേധാവിയുടെ തുറന്നു പറച്ചില്‍ വന്‍ വിവാദമായതോടെ ആരോഗ്യമന്ത്രി ഇടപെട്ട് വേഗത്തില്‍ ഉപകരണങ്ങള്‍ എത്തിക്കുകയായിരുന്നു. സ്വകാര്യ മേഖലയില്‍ നിന്നും ഉപകരണങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഡോ ഹാരിസിന്‍റെ സമൂഹമാധ്യമത്തിലൂടെയുളള വെളിപ്പെടുത്തല്‍ ചട്ടലംഘനമാണെന്ന് അന്വേഷണ സമിതി വിലയിരുത്തിയെങ്കിലും പൊതുവികാരം എതിരായതിനാല്‍ കാര്യമായ നടപടികളിലേയ്ക്ക് കടക്കുമോ എന്ന് സംശയമാണ്. അതേസമയം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് പകരം ആളെക്കണ്ടെത്തുന്ന കാര്യം ആരോഗ്യവകുപ്പ് പരിഗണിക്കുന്നുണ്ട്. ഡോ ഹാരിസിന്‍റെ വെളിപ്പെടുത്തലുകളില്‍ അന്വേഷണം നടത്തിയ അന്വേഷണ സമിതി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.