doctor-haris

TOPICS COVERED

ഇത്തവണ  ഡോക്ടര്‍മാരുടെ  ദിനത്തിലെ താരം ഒരു സര്‍ക്കാര്‍ ഡോക്ടറാണ്. മറ്റാരുമല്ല സ്വന്തം ജോലിസ്ഥലത്തെ മോശം പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന സദുദ്ദേശത്തോടെ തുറന്നു പറഞ്ഞ ഡോ ഹാരിസ് ചിറക്കല്‍. സമൂഹമാധ്യമങ്ങളിലും നാട്ടിലും ഡോക്ടര്‍ക്ക് അഭിനന്ദന പ്രവാഹമാണ്. 

തന്നെപ്പറ്റി നാട് മുഴുവന്‍ ചര്‍ച്ച നടക്കുമ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരനായി ആതുരസേവനം തുടരുന്ന ഡോ ഹാരിസ്. തന്‍റെ പ്രിയപ്പെട്ട ഇരുചക്രവാഹനത്തില്‍ ആശുപത്രിയിലേയ്ക്കും തിരിച്ചുമുളള ഓട്ടം തുടരുന്നു. മെഡിക്കല്‍ കോളജിലെ പ്രധാനപ്പെട്ട വകുപ്പായ യൂറോളജി വിഭാഗത്തിന്‍റെ മേധാവിയായിരിക്കുമ്പോഴും ലാളിത്യം നിറഞ്ഞ ജീവിതവും ശൈലിയും. പാവപ്പെട്ട രോഗികളെ പിഴിഞ്ഞെടുത്ത കൈക്കൂലിക്കറ പുരളാത്ത കൈകളും മരുന്ന് കമ്പനികളുടെ ഔദാര്യം പററാത്ത ഔദ്യോഗിക ജീവിതവുമാണ് നട്ടെല്ല് നിവര്‍ത്തി നിന്ന് സത്യം പറയാന്‍ ഡോക്ടറെ പ്രാപ്തനാക്കിയത്. 

താന്‍ ആഭിമുഖ്യം പുലര്‍ത്തുന്ന പാര്‍ട്ടിയുടെ സര്‍ക്കാരിനെ പിടിച്ചുകുലുക്കുന്ന വിഷയമായിട്ടും സമ്മര്‍ദങ്ങള്‍ ഒരുപാടുണ്ടായിട്ടും  ഡോ ഹാരിസ് നിലപാടുകളില്‍ വെളളം ചേര്‍ത്തില്ല. ഡോ ഹാരിസിന്‍റെ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ ആരോഗ്യമേഖലയിലെ പൊളിച്ചെഴുത്തിന് കാരണമാകുമെന്നാണ് ഡോക്ടര്‍മാരുടെ സമൂഹം ഒന്നടങ്കം പ്രതീക്ഷിക്കുന്നത്. ഫലത്തില്‍ പാവപ്പെട്ട രോഗികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സ കിട്ടുമെന്ന പ്രതീക്ഷയില്‍ ജനങ്ങളും. കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചതുപോലെ നാടിന്‍റെ മുഴുവന്‍ വോട്ടും ഡോ ഹാരിസിന്.

ENGLISH SUMMARY:

This time, the star of Doctors' Day is a government doctor — none other than Dr. Harris Chirakkal, who courageously spoke out with good intentions to end the malpractice at his workplace. He is receiving a wave of appreciation both on social media and in his hometown