കോഴിക്കോട് തൊണ്ടയാടില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞതോടെ നാട്ടുകാര്‍ കടുത്ത പ്രതിസന്ധിയില്‍.നാല് കുടുംബങ്ങള്‍ പൂര്‍ണമായും വഴിമുട്ടിയ അവസ്ഥയിലാണ്. അപകടത്തില്‍ ബംഗാളുകാരനായ നിര്‍മാണ തൊഴിലാളിയാണ് മരിച്ചത്.
മകന്‍റെ കുഞ്ഞിന് വീട്ടുമുറ്റത്തിരുന്ന് ഷീല ഭക്ഷണം കൊടുക്കുന്നതിനിടെയാണ് വന്‍ശബ്ദത്തോടെ മണ്ണിടിഞ്ഞത്. എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലാക്കാതെ കുഞ്ഞിനെയും കൊണ്ട് ഓടി. അപ്പോഴേയ്ക്കും മുറ്റവും സമീപം ഉണ്ടായിരുന്ന റോഡും താഴേക്ക് പതിച്ചു.
നിര്‍മാണം നടക്കുന്നതിന് സമീപമായി നാലുവീടുകളാണ് ഉള്ളത്. അപകടത്തിന് തൊട്ടുമുന്‍പ് വരെ ഈ റോഡിലുടെ പലരും കാല്‍നടയായും ബൈക്കിലുമായി പോയിരുന്നു.മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് ഒരുകുടുംബം സ്വന്തം വീട് ഉപേക്ഷിച്ച് നേരത്തെ വാടക വീട്ടിലേക്ക് മാറിയിരുന്നു.റോഡ് ഇടിഞ്ഞുവീണതോടെ വീട്ടില്‍ നിന്ന് വാഹനം പോലും ഇറക്കാന്‍ ആകാത്ത അവസ്ഥയിലാണ് പലരും. അയല്‍വീടുകളുടെയും മതില്‍ ചാടി കടന്നാണ് പലരും ഇപ്പോള്‍ വീടുകളിലേക്ക് എത്തുന്നത്.
ബാക്കിയുള്ള റോഡിന്‍റെ ഒരുഭാഗം അപകടഭീഷണിയെ തുടര്‍ന്ന് പൊലീസ് അടച്ചുകെട്ടി. വലിയ ഉപകരണങ്ങള്‍ കൊണ്ടുവന്ന് പൈലിങ് ജോലികള്‍ തുടങ്ങിയപ്പോള്‍ തന്നെ മിക്ക വീടുകളിലും വിള്ളല്‍ വീണിരുന്നു. നാട്ടുകാര്‍ പലതവണ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് ഇവിടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.