ചെങ്ങന്നൂരിന് സമീപം റെയിൽവേ ട്രാക്കിലേക്ക് കടപുഴകി വീണ മരം നീക്കി. ഇതോടെ, കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചു. വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരുന്ന ട്രെയിനുകൾ ഓടിത്തുടങ്ങി. വൻ ദുരന്തം തലനാരിഴക്കാണ് ഒഴിവായതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. മരം വീണ സമയത്ത് നാഗർകോവിൽ-കോട്ടയം പാസഞ്ചർ ട്രെയിൻ ട്രാക്കിലുണ്ടായിരുന്നു. എന്നാൽ, ട്രാക്ക് മെയിന്റനർ ഇ.എസ്. അനന്തുവിന്റെ സമയോചിത ഇടപെടൽ അപകടം ഒഴിവാക്കി. മരം വീഴുന്നത് കണ്ട അനന്തു, 600 മീറ്ററോളം പിന്നിലേക്ക് ഓടി സിഗ്നൽ നൽകി ട്രെയിൻ തടഞ്ഞുനിർത്തുകയായിരുന്നു.