കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ റജിസ്ട്രാറെ കുറ്റപ്പെടുത്തി വി.സിയുടെ റിപ്പോര്‍ട്ട്.
ഗവര്‍ണറെ തടഞ്ഞത് ബോധപൂര്‍വമാണെന്നും റജിസ്ട്രാര്‍ ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും വി.സി ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലെ ഭാരതാംബ ചിത്രത്തെച്ചൊല്ലിയായിരുന്നു സംഘര്‍ഷം. ശ്രീപത്മനാഭ സേവാസമിതിയുടെ ‘അടിയന്തരാവസ്ഥയ്ക്ക് അന്‍പതാണ്ട്’ എന്ന പരിപാടിയാണ് എസ്എഫ്ഐ പ്രതിഷേധത്തിനും സംഘര്‍ഷത്തിനും കാരണമായത്. പ്രതിഷേധത്തിനിടയിലും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുത്തു. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് താന്‍ കണ്ടതെന്നായിരുന്നു പിന്നീട് ഗവര്‍ണര്‍ പറഞ്ഞത്.
സര്‍വകലാശാല സെനറ്റ് ഹാളില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മതചിഹ്നങ്ങള്‍ ഉപയോഗിച്ചതിനെച്ചൊല്ലിയുള്ള എസ്.എഫ്.ഐ പ്രതിഷേധം മൂന്ന് മണിക്കൂറിലേറെ സര്‍വകലാശാലയിലും പരിസരത്തും സംഘര്‍ഷത്തിനിടയാക്കി. സെനറ്റ് ഹാളില്‍ നിന്നും കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം മാറ്റണമെന്ന എസ്.എഫ്.ഐ ആവശ്യം സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗീകരിച്ചെങ്കിലും ഗവര്‍ണര്‍ തള്ളുകയായിരുന്നു. പരിപാടി റദ്ദാക്കിയെന്ന് ആദ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐക്കാരെ സ്ഥലത്ത് നിന്ന് പൊലീസ് ഒഴിപ്പിക്കാന്‍ നോക്കിയത് സംഘര്‍ഷം കലുഷിതമാക്കി. സെനറ്റ് ഹാള്‍ വരാന്തയില്‍ എ.ബി.വി, കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
സംഘര്‍ഷത്തിനും പ്രതിഷേധത്തിനുമിടയില്‍ പ്രധാന കവാടത്തിലൂടെ തന്നെ ഗവര്‍ണറെ പൊലീസ് വേദിയിലെത്തിച്ചു. ഭാരതാംബ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയ ഗവര്‍ണര്‍ നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ചു. ഗവര്‍ണര്‍ വേദിയില്‍ സംസാരിക്കുമ്പോള്‍ സര്‍വകലാശാലയുടെ മുഖ്യകവാടം പൂട്ടിയ എസ്.എഫ്.ഐ, ആര്‍എസ്എസിന്റെ തറവാട് സ്വത്തല്ല രാജ്ഭവനെന്ന ബാനര്‍ ഉയര്‍ത്തി. ഇതിനിടെ പരിപാടി കഴിഞ്ഞ് ഗവര്‍ണറെ സര്‍വകലാശാലയുടെ മറ്റൊരു കവാടത്തിലൂടെ രാജ്ഭവനിലെത്തിച്ചു. തുടര്‍ന്ന് പ്രതിഷേധ പ്രകടനവുമായി നഗരത്തിലൂടെ നീങ്ങിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ സമീപനം തുടര്‍ന്നാല്‍ സമരം ശക്തമാക്കുമെന്നും മുന്നറിയിപ്പ് നല്കി. ഈ സംഭവത്തിലാണ് ഇപ്പോള്‍ റജിസ്ട്രാറെ കുറ്റപ്പെടുത്തി വി.സിയുടെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.