കൊച്ചിയിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ അതിക്രമത്തിന് പിന്നാലെ ഇടശ്ശേരി മാൻഷൻ ഹോട്ടലുടമക്കെതിരെ കേസെടുത്ത് എക്സൈസ്. അനുമതിയില്ലാത്ത സ്ഥലത്ത് നിയമംലംഘിച്ച് മദ്യം വിളമ്പിയതടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. മില്ലേനിയൽ എന്ന പേരിൽ തുടങ്ങിയ റെസ്റ്റോ ബാറിലാണ് ശനിയാഴ്ച ഡിജെ പാർട്ടി സംഘടിപ്പിച്ചത്. അനുമതിയില്ലാതെയാണ് കെട്ടിടം നിർമ്മിക്കുന്നതെന്ന കണ്ടെത്തി ഒരുവർഷം മുമ്പ് ഹോട്ടലുടമക്കെതിരെ എക്സൈസ് കേസെടുത്തിരുന്നു. അന്ന് ഒരു ലക്ഷം പിഴ ചുമത്തിയെങ്കിലും അത് അടക്കാതെ ബാർ തുറന്ന് പ്രവർത്തിപ്പിക്കുകയാണ്. ഇന്നലെ നടന്ന അതിക്രമത്തിന് പിന്നാലെ എക്സൈസ് ഉദ്യോഗസ്ഥരെത്തി രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു. വൻതുക പിഴയും ചുമത്തിയിട്ടുണ്ട്.