സൂംബ നൃത്തത്തെ അധിക്ഷേപിച്ചവര്‍ മാപ്പ് പറയണമെന്ന കടുത്ത നിലപാടുമായി മന്ത്രി വി.ശിവന്‍കുട്ടി. സര്‍ക്കാര്‍ എന്ത് ചെയ്യണമെന്ന് സംഘടനകള്‍ ആജ്ഞാപിക്കേണ്ടെന്നും മന്ത്രിയുടെ മുന്നറിയിപ്പ്. അതേസമയം, സ്കൂളുകളിലെ സൂംബ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുന്നി മഹല്ല് ഫെഡറേഷന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. സൂംബയില്‍ സംശയം ഉന്നയിക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും തീവ്രവാദിയാക്കാന്‍ നോക്കരുതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
സൂംബ നൃത്തം വേണ്ടെന്ന് നിലപാടുമായി ഒടുവിലെത്തിയിരിക്കുന്നത് സുന്നി മഹല്ല് ഫെഡറേഷനാണ്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തുന്ന ഫെഡറേഷന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് മനോരമന്യൂസിന് ലഭിച്ചു. സൂംബയിലെ സംഗീതവും ചലനശൈലിയും നമ്മുടെ കുട്ടികളുടെ സാംസ്കാരിക പശ്ചാത്തലത്തില്‍ അനുചിതമായി തോന്നുന്നുവെന്ന് കത്തില്‍ പറയുന്നു. വിവാദം കത്തിപ്പടരുമ്പോള്‍ സൂംബ അസോസിയേഷന്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ പ്രതിഷേധ സൂംബ സംഘടിപ്പിച്ചു. ഇത് കാണാന്‍ മന്ത്രി വി.ശിവന്‍കുട്ടി തന്നെ നേരിട്ട് എത്തുകയും ചെയ്തു.
സൂംബയില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്ന മന്ത്രി, എതിര്‍ക്കുന്ന സംഘടനകളെ രൂക്ഷമായ ഭാഷയില്‍ നേരിട്ടു. യൂണിഫോമിനെയും കുട്ടികള്‍ ഒരുമിച്ചിരിക്കുന്നതിനെയും ഉള്‍പ്പെടെ ചിലര്‍ എതിര്‍ക്കുകയാണെന്നും അതൊന്നും അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംശയം ഉന്നയിക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി മുന്നോട്ടുപോകണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി പറഞ്ഞു.