ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

വള്ളത്തോള്‍ നഗറിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 4 ട്രെയിനുകള്‍ വൈകിയോടുന്നു. തിരുനെല്‍വേലി, പരശുറാം, നേത്രാവതി, കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എന്നിവയാണ് വൈകിയോടുന്നത്. ‌‌‌തിരുനെൽവേലി, നേത്രാവതി എക്സ്പ്രസുകൾ ഒന്നര മണിക്കൂറാണ് വൈകിയോടുന്നത്. പരശുറാം എക്സ്‌പ്രസ് 7 മിനിറ്റ് വൈകിയോടുന്നു. വന്ദേഭാരത് എക്സ്പ്രസ് എട്ട് മിനിറ്റ് വൈകും. സമ്പര്‍ക് ക്രാന്തി എക്സ്പ്രസ് 2 മണിക്കൂര്‍ വൈകിയോടുകയാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കും.  കോട്ടയം, പത്തനംതിട്ട,  ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് നല്കിയിട്ടുണ്ട്. അറബിക്കടലിന് മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തിൽ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 65  കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും, കടലേറ്റത്തിനും  സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല.

കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ പത്തു മണിക്ക് തുറക്കും. ജലനിരപ്പ് 136.10 അടിയായി ഉയര്‍ന്നിരിക്കുകയാണ്. ഇന്നലെ രാത്രി പത്തു മണിയോടെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 136 അടിയിൽ എത്തിയിരുന്നു. രാത്രിയിൽ അണക്കെട്ട് തുറക്കരുതെന്ന് കോടതി ഉത്തരവ് ഉള്ളതിനാലും ഇടുക്കി ജില്ല ഭരണകൂടത്തിന്റെ നിർദ്ദേശം പരിഗണിച്ചുമാണ് രാവിലെ തുറക്കാൻ തീരുമാനിച്ചത്. 3,707 ഘനയടി വെളളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് കൊണ്ടുപോകുന്നത് സെക്കന്‍റില്‍ 2,117 ഘനയടി വെള്ളവുമാണ്. അതേസമയം, പെരിയാർ നദിയിൽ ജലനിരപ്പ് കുറവായതിനാൽ വീടുകളിലേക്ക് വെള്ളം കയറാനിടയില്ല. ആശങ്ക വേണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പെരിയാർ തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.

മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. പമ്പാ നദി, മൂവാറ്റുപുഴ, ഭാരതപ്പുഴ, മീനച്ചിൽ, അച്ചൻകോവിൽ, പെരിയാർ, ചാലക്കുടി പുഴ, കബനി നദി എന്നിവിടങ്ങളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.  

ENGLISH SUMMARY:

A landslide near Vallathol Nagar has delayed 4 major trains including Tirunelveli, Parasuram, Netravati, and Kochuveli Superfast. Delays range from 7 minutes to 2 hours.