മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 0.05 അടി കൂടി ഉയര്‍ന്നാല്‍ ജലനിരപ്പ് 136 അടിയിലെത്തും. 135.95 അടിയാണ് രാത്രി 8 മണിയിലെ ജലനിരപ്പ്. 142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് (FRL). ഡാമില്‍ ഇപ്പോള്‍ 6105 ദശലക്ഷം ഘനഅടി (Mcft– Million cubic feet) വെള്ളമുണ്ട്.
കനത്ത മഴ കാരണം സംസ്ഥാനത്തെ അണക്കെട്ടുകളിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നു. കെ.എസ്.ഇബിക്ക് കീഴിലുള്ള 8 ഡാമുകളില്‍ റെഡ് അലെര്‍ട്ട് നിലവിലുണ്ട്. മൂഴിയാര്‍, പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍ക്കുത്ത്, കുറ്റ്യാടി, ബാണാസുര സാഗര്‍ അണക്കെട്ടുകളിലാണ് റെഡ് അലെര്‍ട്ട്. ഇരട്ടയാറില്‍ ജലനിരപ്പ് പരമാവധിക്ക് മുകളിലാണ്. ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ സംഭരണശേഷിയുടെ 97.16 ശതമാനം വെള്ളമുണ്ട്. ഇവിടെ നിന്ന് സെക്കന്‍ഡില്‍ 192 ഘനമീറ്റര്‍ എന്ന നിരക്കില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. കല്ലാര്‍കുട്ടി അണക്കെട്ടില്‍ സംഭരണശേഷിയുടെ 96.72 ശതമാനം വെള്ളമുണ്ട്. സെക്കന്‍ഡില്‍ 180 ഘനമീറ്റര്‍ നിരക്കിലാണ് വെള്ളം പുറത്തുവിടുന്നത്.
ജലസേചനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് മീങ്കര അണക്കെട്ടിലും റെഡ് അലെര്‍ട്ടാണ്. 156.36 മീറ്ററാണ് ഇവിടത്തെ പരമാവധി ജലനിരപ്പ്. ഇന്നത്തെ (11AM) ജലനിരപ്പ് 156.06 മീറ്ററാണ്. ഡാമിന്റെ സംഭരണശേഷിയുടെ 91 ശതമാനം ജലം നിറഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ സെക്കന്‍ഡില്‍ 11.44 ഘനമീറ്റര്‍ നിരക്കില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. ജലസേചന വകുപ്പിന് കീഴിലുള്ള മറ്റ് 14 അണക്കെട്ടുകളില്‍ യെലോ അലെര്‍ട്ട് തുടരുകയാണ്. മുന്‍കരുതലിന്റെ ഭാഗമായോ ജലസേചന ആവശ്യങ്ങള്‍ക്കോ നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കൊഴുക്കുമ്പോഴാണ് ജലസേചന വകുപ്പിന്റെയും വാട്ടര്‍ അതോറിറ്റിയുടെയും അണക്കെട്ടുകളില്‍ യെലോ അലെര്‍ട്ട് പ്രഖ്യാപിക്കുന്നത്.