തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35ബി വിമാനത്തിന് കാവല്‍ നില്‍ക്കുന്ന സി.ഐ.എഫ്.എഫ് ഉദ്യോഗസ്ഥന്‍
അസാധാരണ പ്രതിസന്ധിയിലാണ് ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35ബി യുദ്ധ വിമാനം. എന്‍ജിന്‍ തകരാര്‍ കാരണം തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന യുകെയുടെ അഞ്ചാം തലമുറ യുദ്ധ വിമാനം എന്ന് തിരികെ പറക്കും എന്നതില്‍ ഒരു വ്യക്തതയുമില്ല. കേരളത്തിലെ മഴകൊണ്ട് നശിക്കേണ്ടെന്ന് കരുതി ഹാങറിലേക്ക് മാറ്റയിടാമെന്ന ഇന്ത്യയുടെ വാഗ്ദാനം ആദ്യം ബ്രിട്ടന്‍ തള്ളി. ഇന്ത്യയ്ക്ക് സ്വന്തമാല്ലാത്ത അഞ്ചാം തലമുറ യുദ്ധ വിമാനം ഇന്ത്യയുടെ പരിധിയിലുള്ള ഹാങറിലേക്ക് മാറ്റാത്തത് ഇന്ത്യയെ വിശ്വസമില്ലാത്തതിനാലാണ് എന്നാണ് പ്രചാരണമുണ്ടായത്. ഈ വാദങ്ങളെ തള്ളുകയാണ് ബ്രിട്ടീഷ് റോയല്‍ നേവി.
വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒഴിവാക്കാന്‍ യുകെയില്‍ നിന്നും എന്‍ജിനീയറിങ് ടീം എത്തിയാലുടന്‍ വിമാനം ഹാങറിലേക്ക് മാറ്റുമെന്നും റോയല്‍ നേവി വക്താവ് അറിയിച്ചു. എഫ്-35ബിയുടെ അറ്റകുറ്റപണിക്കായി വിദഗ്ധ സംഘം ഉടനെ തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം. അതേസമയം ചാരവൃത്തിയെ പറ്റി ആശങ്കകളില്ലെന്നും വിമാനം സുരക്ഷിതമാക്കിയതിന് ഇന്ത്യയോട് നന്ദിയുണ്ടെന്നും അധികൃതര്‍ ബ്രിട്ടീഷ് മാധ്യമമായ ദി ഇന്‍റിപെന്‍റന്‍റിനോട് പറഞ്ഞു.
അതേസമയം മറ്റൊരു രാജ്യത്ത് വിമാനം നിര്‍ത്തിയിട്ടിരിക്കുന്നു എന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വ്യോമയാന വിദഗ്ധരുടെ അഭിപ്രായം. വിമാനം തുറസായ സ്ഥലത്താണ് പാര്‍ക്ക് ചെയ്തിരിക്കുന്നതെന്നതിനാല്‍ എഫ്-35ബിയില്‍ കൃത്രിമം കാണിക്കാനൊന്നും സാധിക്കില്ലെന്ന് വ്യോമയാന വിദഗ്ധനായ മാര്‍ക്ക് മാര്‍ട്ടിന്‍ വ്യക്തമാക്കി. വിമാനം പുറത്താണെങ്കിലും യുകെ സാറ്റ്‍ലൈറ്റ് വിമാനത്തെ നിരീക്ഷിക്കുന്നുണ്ട്. ആരെങ്കിലും വിമാനത്തിന് അരികിലെത്തിയാല്‍ പോലും ആദ്യം അറിയുന്നത് യു.കെയായിരിക്കും. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള പ്രതിരോധകരാര്‍ പ്രകാരം ഇത്തരം സാഹചര്യങ്ങളില്‍ ഇരുരാജ്യങ്ങളും ആസ്തികള്‍ സംരിക്ഷിക്കാന്‍ ബാധ്യസ്ഥരമാണെന്നും അദ്ദേഹം പറഞ്ഞു.
അറ്റകുറ്റപണിക്ക് ശേഷവും വിമാനം പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാതെ വരികയാണെങ്കില്‍ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനമോ, ഹെവി ലിഫ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് വിമാനമോ അയച്ച് എഫ്-35ബി വിമാനത്തെ ബ്രിട്ടനിലേക്ക് തിരികെ എത്തിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ഇത് മറ്റെവിടെയും നന്നാക്കാന്‍ സാധിക്കില്ലെന്നും മാര്‍ക്ക് മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി.
എച്ച്എംഎസ് പ്രിൻസ് ഓഫ് വെയ്‌ൽസ് കപ്പലിൽ നിന്നു പറന്നുയർന്ന വിമാനം മോശം കാലാവസ്ഥ കാരണം തിരിച്ചിറങ്ങാനാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. മടങ്ങാൻ ശ്രമിക്കുന്നതിനിടെ എൻജിനീയറിങ് തകരാർ കണ്ടെത്തി. കപ്പലിലെ എൻജിനീയർമാരുടെ സംഘം പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.