ആഡംബര കാർ ഇറക്കുന്നതിനിടെ ജീവനക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ എറണാകുളം കളക്ടർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. കാർ ഡീലർമാരുടെ പരാതിയെ തുടർന്നാണ് ഈ നടപടി.
'നോക്കുകൂലി നൽകേണ്ടി വരുന്നു'
സംഭവത്തിൽ 'നോക്കുകൂലി' വിഷയമാണ് പ്രശ്നമെന്ന് മനോരമ ന്യൂസിനോട് സംസാരിച്ച ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹി രഞ്ജിത് ആരോപിച്ചു. "നോക്കുകൂലി നൽകേണ്ടി വരുന്നതുകൊണ്ടാണ് വിദഗ്ധരല്ലാത്തവരെക്കൊണ്ട് വാഹനം ഇറക്കേണ്ടി വരുന്നത്. വിദഗ്ധ ഡ്രൈവർമാരെ നിയോഗിച്ചാലും നോക്കുകൂലി നൽകേണ്ടി വരുന്നു," അദ്ദേഹം പറഞ്ഞു.
വാഹനങ്ങൾ ഇറക്കുന്നതിന് വൈദഗ്ധ്യമില്ലാത്തവരെ നിയോഗിക്കുന്നതാണ് അപകടങ്ങൾക്ക് കാരണമെന്നും രഞ്ജിത് കൂട്ടിച്ചേർത്തു.
'തൊഴിലാളികളുടെ മേൽ വച്ചുകെട്ടാൻ ശ്രമം'
എന്നാൽ, ഡീലർമാരുടെ ആരോപണങ്ങൾ യൂണിയൻ നിഷേധിച്ചു. വാഹനം ഇറക്കിയത് ചുമട്ടുതൊഴിലാളിയല്ലെന്ന് യൂണിയൻ വൈസ് പ്രസിഡന്റ് സി.കെ. മണിശങ്കർ മനോരമ ന്യൂസിനോട് പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം തൊഴിലാളികളുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.