സിപിഎം നേതാവ് എം സ്വരാജ് സാഹിത്യ അക്കാദമി പുരസ്കാരം നിരസിച്ചതിന്‍റെ പശ്ചാത്തലത്തില്‍, വിശദീകരണവുമായി അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍ രംഗത്ത്. സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിക്കാനായി എം സ്വരാജ്  പുസ്തകം അയച്ചു നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.  

അക്കാദമി ലൈബ്രറിയില്‍ സ്വരാജിന്റെ പുസ്തകം ഉണ്ടായിരുന്നു. അവാർഡ് നിരസിക്കാൻ സ്വരാജിന് എല്ലാം അവകാശവും ഉണ്ട്. അദ്ദേഹം നിരസിച്ച അവാര്‍ഡ് മറ്റാര്‍ക്കും കൊടുക്കില്ല. രണ്ടാം സ്ഥാനക്കാരന് അവാര്‍ഡ് കൊടുക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

ഇത്തവണ 16 അവാർഡുകൾ പ്രഖ്യാപിച്ചതിൽ 11 എണ്ണവും അവാർഡിനായി പുസ്തകം അയച്ചു തരാത്തവർക്കാണ് നല്‍കിയതെന്നും അക്കാദമി സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. സ്വരാജ് അവാര്‍ഡ് നിരസിച്ചത് സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വലിയ ചര്‍ച്ചയായിരുന്നു.  ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നതാണ് നിലപാടെന്നും അക്കാദമിയോട് ബഹുമാനം മാത്രമെന്നും സ്വരാജ് ഫെയ്സ്ബുക്കില്‍ എഴുതിയിരുന്നു. 

എം.സ്വരാജ് രചിച്ച ‘പൂക്കളുടെ പുസ്തകം’ എന്ന പുസ്തകത്തിനാണ് അക്കാദമിയുടെ സി.ബി.കുമാര്‍ സ്മാരക എന്‍ഡോവ്മെന്റ് ലഭിച്ചത്. മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങൾക്ക് പരിഗണിച്ചപ്പോൾ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാലാണ് അന്നൊന്നും പരസ്യ നിലപാട് പ്രഖ്യാപനം വേണ്ടിവന്നിരുന്നില്ല. ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നതെന്നും സ്വരാജ് വിശദീകരിച്ചിരുന്നു. 

പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ലെന്നും അക്കാദമിയോട് ബഹുമാനം മാത്രമെന്നും സ്വരാജിന്‍റെ കുറിപ്പിലുണ്ട്. 

ENGLISH SUMMARY:

CP Aboobacker reaction about M Swaraj book Controversy