വെളിച്ചെണ്ണയ്ക്ക് വില കൂടിയതോടുകൂടി പൊരിച്ചതും വറുത്തതുമായ സ്നാക്സുകൾക്കും പൊന്നും വില. വറവ് സാധനങ്ങൾ വിൽക്കുന്ന തൃശൂരിന്റെ സ്വന്തം കടയായ ഇളവരശി ഫുഡ്സിൽ പോയി ഒരു ചായ കുടിച്ചിട്ട് വരാം .
മഴക്കാലത്ത് ചായയോ കട്ടനോ ഇട്ട് കൂട്ടിന് കടിയുമായി ചുരുണ്ടുകൂടിയിരിക്കാമെന്നു വച്ചാൽ രക്ഷയില്ല. വെറും ചായയിൽ കൊതി ഒതുക്കേണ്ട സ്ഥിതിയാണ്. ഇതു കേട്ടാൽ തോന്നും കടകളാണ് വില കൂട്ടുന്നതെന്ന്. പക്ഷേ അവരുടെ കാര്യവും കഷ്ടമാണ്. കടി വിൽക്കുകയും വേണം വില കൂട്ടാനും പാടില്ല. പക്ഷേ നിവൃത്തിയില്ല, ഇങ്ങനെ പോയാൽ വില കൂട്ടേണ്ടിവരും
26 വർഷമായി ഇളവരശി കട തുടങ്ങിയിട്ട്. വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ സംരംഭം ഇന്ന് ആറ് കടകളും 140 തൊഴിലാളികളുമായി പടർന്നു പന്തലിച്ചു. ഇത്രയും വർഷത്തിനിടെ വെളിച്ചെണ്ണയ്ക്ക് തീ പിടിക്കുന്ന വിലയാകുന്നത് ആദ്യമാണ്. മലയാളിയുടെ സ്വന്തം പഴംപൊരിയും ഉപ്പേരിയുമൊക്കെ തൊടാനും തിന്നാനും വയ്യ. തൊട്ടാൽ കൈ പൊള്ളും. ചൂടല്ല കാരണം വറുത്തെടുക്കാനുള്ള വെളിച്ചെണ്ണയുടെ വില തന്നെ കായ, ചക്ക, പഴം, കടച്ചക്ക എന്നിങ്ങനെ എല്ലാം വറുത്തു കഴിക്കുന്ന സ്വഭാവമുള്ള മലയാളികളുടെയും അതൊക്കെ വിൽക്കുന്ന കടക്കാരുടെയും കാര്യം കഷ്ടത്തിലാണ്. തേങ്ങയ്ക്ക് വില കൂടിയെന്നു കരുതി ഓടിപ്പോയി തെങ്ങു വയ്ക്കാനും നിവൃത്തിയില്ല. തെങ്ങു കായ്ച്ചുതുടങ്ങുമ്പോൾ ചിലപ്പോൾ തേങ്ങ പറിക്കാനുള്ള ചെലവുകാശു പോലും കിട്ടാത്ത സ്ഥിതിയാകും. അതുകൊണ്ട് തൽക്കാലം കൊതിയടക്കി കാത്തിരിക്കാം.