കണ്ണൂര്‍ കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്തിയ ഫൊട്ടോഗ്രാഫര്‍ക്ക് മര്‍ദനം. ചിത്രം പകര്‍ത്തുന്നതിനിടെ നടന്‍റെ ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദിച്ചെന്ന് ദേവസ്വം ഫൊട്ടോഗ്രഫര്‍ സജീവ് നായരുടെ പരാതി. ദേവസ്വം ഫോട്ടോഗ്രഫറാണെന്ന് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നെന്ന് സജീവ് പറഞ്ഞു.
ഇന്ന് രാവിലെ എട്ടരയോടെയാണ് ജയസൂര്യ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ജയസൂര്യയുടെ ക്ഷേത്ര ദര്‍ശനത്തിന്‍റെ ചിത്രങ്ങളെടുക്കന്‍ ദേവസ്വം ആവശ്യപ്പെട്ടത് പ്രകാരമാണ് ഇദ്ദേഹം ഫോട്ടോ എടുത്തതെന്നാണ് വിവരം. ഇതിനിടിയിലാണ് ഒപ്പമുള്ളവര്‍ കയ്യേറ്റം ചെയ്തത്.
മര്‍ദനത്തിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം തോന്നിയ സജീവ് ആശുപത്രിയില്‍ ചികിത്സ തേടി. തന്നെ മര്‍ദിച്ചവരെ കണ്ടാലറിയാമെന്നും നടനൊപ്പമുള്ളവരാണെന്നും സജീവ് പറയുന്നു. ഈ സംഭവം ജയസൂര്യ അറിഞ്ഞോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാനും നടന്‍ തയ്യാറായിട്ടില്ല. ജയസൂര്യ കടന്നുപോയതിനു പിന്നാലെയാണ് ദേവസ്വം ഫോട്ടോഗ്രാഫറായ സജീവിനെ സംഘം മര്‍ദിച്ചത്.