വയനാട്ടിൽ മഴ ശക്തമായി തുടരുന്നതിനിടെ മുത്തങ്ങ കല്ലൂർ പുഴ കരകവിഞ്ഞു. പുന്നപ്പുഴയിലെ കുത്തൊഴുക്കിൽ ചൂരൽമല ബെയ്ലി പാലത്തിന്‍റെ ഗാബിയോൺ ഭിത്തിയുടെ മണ്ണ് ഒലിച്ച് പോയി. പ്രദേശത്തെ റോഡ് നിർമാണം പടവെട്ടിക്കുന്ന് നിവാസികൾ തടഞ്ഞു. പ്രതിഷേധിച്ച ദുരന്ത ബാധിതർക്ക് എതിരെ കേസെടുത്തതിന് പിന്നിൽ സിപിഎം തീരുമാനമാണെന്ന് ടി. സിദ്ധിഖ് എംഎൽഎ ആരോപിച്ചു.
ഇന്നലെ കുത്തിയൊലിച്ച് ആശങ്ക പരത്തിയ പുന്നപ്പുഴ ഇന്ന് അൽപ്പം ശാന്തമായി. ചൂരൽമലയിൽ ഇടവിട്ട് മഴയുണ്ടെങ്കിലും ജലനിരപ്പ് ഉയർന്നിട്ടില്ല. ഇന്നലെത്തെ ശക്തമായ ഒഴുക്കിൽ പുഴയ്ക്ക് കുറുകെയുള്ള താത്കാലിക ബെയ്‌ലി പാലത്തിന്‍റെ ഗാബിയോൺ ഭിത്തിയിലെ മണ്ണ് ഒലിച്ചു പോയി. പൊതുമരാമത്ത് വകുപ്പ് നിർമിച്ച പാലത്തിന്‍റെ സംരക്ഷണ ഭിത്തിയിലും മൂന്നിടത്ത് വിള്ളൽ രൂപപ്പെട്ടു.
ചൂരൽമല സ്കൂൾ റോഡിൽ മണ്ണിടുന്നത് ദുരന്ത ബാധിത മേഖലയോട് ചേർന്ന് നേരത്തെ താമസിച്ചിരുന്ന പടവെട്ടിക്കുന്ന് നിവാസികൾ തടഞ്ഞു. റോഡല്ല 27 കുടുംബങ്ങളെ ടൗൺഷിപ്പിൽ ഉൾപ്പെടുത്തുയൊണ് വേണ്ടതെന്ന് നാട്ടുകാർ. മുത്തങ്ങ കല്ലൂർ പുഴ കരകവിഞ്ഞതിനെ തുടർന്ന് ആദിവാസി ഉന്നതിയിലെ കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി. കനത്ത മഴ തുടരുന്നതിനിടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറി. അതിനിടെ ഇന്നലെ ചൂരൽമലയിൽ പ്രതിഷേധത്തിന്‍റെ ഭാഗമായി വെള്ളാർമല വില്ലേജ് ഓഫിസറെ തടത്ത ആറ് നാട്ടുകാർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.
പുന്നപ്പുഴയിൽ അടിഞ്ഞ അവശിഷ്ടങ്ങൾ സമയബന്ധിതമായി നീക്കാതെ അധികൃതർ വീഴ്ചവരുത്തിയതായി ഇവിടം സന്ദർശിച്ച ടി.സിദ്ധിഖ് ആരോപിച്ചു.