എസ്.എസ്.എല്‍.സി പരീക്ഷാ മൂല്യനിര്‍ണയത്തിലെ അപാകത കാരണം വിദ്യാര്‍ഥിക്ക് എ പ്ലസ് നഷ്ടമായെന്ന് പരാതി. കണ്ണൂര്‍ പാനൂര്‍ പി.ആര്‍.എം ഹയര്‍സെക്കണ്ടറി സ്കൂളിലെ അശ്വിന്‍ സഞ്ജീവാണ് മലയാളം പരീക്ഷാ മൂല്യനിര്‍ണയത്തില്‍ അപാകത ആരോപിച്ച് രംഗത്തുവന്നത്. ഉത്തരം എഴുതിയിട്ടും മാര്‍ക്ക് ലഭിച്ചില്ലെന്നാണ് വിദ്യാര്‍ഥിയുടെ ആക്ഷേപം.
ഒമ്പത് വിഷയങ്ങളിലും എ പ്ലസ്. മലയാളത്തില്‍ മാത്രം എ ഗ്രേഡ്.. ഫുള്‍ എ പ്ലസ് പ്രതീക്ഷിച്ച വിദ്യാര്‍ഥിയ്ക്ക് ഉത്തരക്കടലാസിന്‍റെ കോപ്പി ലഭിച്ചപ്പോഴാണ് മൂല്യനിര്‍ണയത്തില്‍ തെറ്റുണ്ടെന്ന് മനസിലായത്. 13, 14 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയിട്ടും ടാബുലേഷന്‍ ഷീറ്റില്‍ മാര്‍ക്ക് ചേര്‍ത്തിട്ടില്ലെന്നാണ് വാദം. 13–ാമത്തെ ചോദ്യത്തിന് മൂന്ന് മാര്‍ക്കും, 14–ാം ചോദ്യത്തിന് പകുതി മാര്‍ക്കും ഉത്തരപ്പേപ്പറില്‍ മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ ഇട്ടെന്നും ടാബുലേഷനില്‍ അത് കൂട്ടിയിട്ടില്ലെന്നുമാണ് പരാതി.
സ്കൂള്‍ അധികൃതര്‍ മുഖേന അശ്വിന്‍റെ രക്ഷിതാക്കള്‍ പരീക്ഷാഭവനില്‍ പരാതി നല്‍കിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഇതുവരെ മറുപടി പോലുമില്ലെന്നാണ് ആക്ഷേപം. അര്‍ഹമായ മാര്‍ക്ക് നല്‍കണമെന്നാണ് പഠിച്ചു പരീക്ഷയെഴുതിയ വിദ്യാര്‍ഥി പറയുന്നത്.