സംസ്ഥാന പൊലീസ് മേധാവിയാകാനുള്ളവരുടെ ചുരുക്കപ്പട്ടികയായി. നിധിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരുടെ പട്ടിക യുപിഎസ്‍സി അംഗീകരിച്ചു. എഡിജിപി എം.ആര്‍.അജിത്കുമാര്‍ പട്ടികയില്ല. അജിത് കുമാറിനെ പരിഗണിക്കണമെന്ന ആവശ്യം തള്ളി. സീനിയോരിറ്റി തടസമായതോടെ മനോജ് എബ്രഹാമും പട്ടികയ്ക്ക് പുറത്തായി. നിലവിലെ ചുരുക്ക പട്ടികയില്‍ നിന്നും നിധിന്‍ അഗര്‍വാളോ റവാഡ ചന്ദ്രശേഖരനോ ഡിജിഡി ആകാനാണ് സാധ്യത.
കേരളം കൈമാറിയിരിക്കുന്ന ആറംഗ പട്ടിക പരിശോധിച്ചാണ് യുപിഎസ്‍സി മൂന്നംഗ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. ചുരുക്കപ്പട്ടികയിലുള്ളവര്‍ക്ക് പുറമെ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം, എസ്.പി.ജി എ.ഡി.ജി.പി സുരേഷ് രാജ് പുരോഹിത്, ബറ്റാലിയന്‍ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ എന്നിവരാണ് കേരളം നല്‍കിയ ആറംഗ പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ നിന്നൊരാളെ മുഖ്യമന്ത്രി തിരഞ്ഞെടുക്കും. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ് നിതിന്‍ അഗര്‍വാള്‍. റവാഡ ചന്ദ്രശേഖര്‍ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ സ്പെഷല്‍ ഡയറക്ടറും യോഗേഷ് ഗുപ്ത ഫയര്‍ഫോഴ്സ് ഡയറക്ടറുമാണ്.
നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരില്‍ മൂന്ന് പേരും സര്‍ക്കാരിന് അത്ര വേണ്ടപ്പെട്ടവരല്ല. ഇവരില്‍ പിണറായി സര്‍ക്കാരിനൊപ്പം കൂടുതല്‍ നാള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് യോഗേഷ് ഗുപ്തയാണ്. പക്ഷെ വിജിലന്‍സ് ഡയറക്ടറായിരിക്കെ നടത്തിയ ചില ഇടപെടലുകളുടെ പേരില്‍ യോഗേഷും മുഖ്യമന്ത്രിയും തെറ്റിയിരിക്കുകയാണ്. യോഗേഷിന് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകാനുള്ള ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പോലും തടഞ്ഞുവെച്ചിരിക്കുകയാണ്. അതിനാല്‍ മൂന്നംഗ പട്ടികയില്‍ വന്നാലും യോഗേഷിനെ പൊലീസ് മേധാവി സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിച്ചേക്കില്ല.