woman-in-rain
  • ശക്തമായ മഴ രണ്ടു ദിവസം കൂടി
  • ഇടുക്കി ജില്ലയില്‍ അതീവശ്രദ്ധ വേണം
  • 28 തിയതി വരെ മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് രണ്ടുദിവസംകൂടി  ശക്തമായ മഴ തുടരുമെന്ന് റവന്യു മന്ത്രി കെ. രാജന്‍. മലയോര മേഖലകളില്‍ മഴ ശക്തിപ്രാപിക്കുമെന്നും 29 മുതല്‍ മഴയില്‍ കുറവുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മഴക്കെടുതി അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഉന്നതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തിൽ ജില്ലാ കലക്ടർമാർ ഓൺലൈനായി പങ്കെടുത്തു. 

ഈ ദിവസങ്ങളില്‍ ഇടുക്കി ജില്ലയില്‍ അതീവശ്രദ്ധ വേണമെന്ന് മന്ത്രി വ്യക്തമാക്കി. ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിൽ 203 മുതൽ 213 വരെ മില്ലിമീറ്റർ മഴ  ലഭിക്കുന്നുണ്ട്. ചുരുങ്ങിയ കാലത്തിനിടയിൽ കൂടുതൽ മഴ ലഭിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. മൂന്നാർ മുല്ലപ്പെരിയാർ മേഖലകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കി, വയനാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ ആവശ്യമായ വാഹനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

28 തിയതി വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 29 മുതൽ മഴ കുറയും. 30 മുതൽ ജൂലൈ 2 വരെ മഴയുടെ അളവ് കുറയുമെങ്കിലും ജൂലൈ മൂന്നാം തീയതി കാലവർഷത്തിന്റെ ഭാഗമായുള്ള മഴ ശക്തിപ്പെടുമെന്നുമാണ് വിലയിരുത്തല്‍. ജൂലൈ പത്താം തീയതി മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.  വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതാണ്  മഴ ശക്തമാക്കാനുള്ള കാരണം. 

ശക്തമായ മഴ തുടരുന്നതിനാല്‍ എറണാകുളത്ത് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളേജുകൾക്കും, അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണെന്ന് കലക്ടർ അറിയിച്ചു. 

ENGLISH SUMMARY:

Kerala's Revenue Minister K. Rajan announced heavy rainfall will continue for two more days, with mountain regions seeing increased intensity. Idukki remains under high alert, receiving over 200mm rain. Fishing is banned until the 28th, with another spell of intense rain expected from July 10th.