TOPICS COVERED

എടത്വയിൽ ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചതിനെ തുടർന്ന് യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു. കോതമംഗലത്തുനിന്നും പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ച ബോണിയുടെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ വീണത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. എം.സി റോഡിൽ നിന്ന് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിലൂടെ കൊച്ചമ്മനം റോഡിലേക്ക് കടക്കാനാണ് ഗൂഗിൾ മാപ്പ് എളുപ്പവഴി കാണിച്ചത്. 

നിർദ്ദേശങ്ങൾ പാലിച്ച ബോണി ഇടറോഡ് കയറി. അല്പം സഞ്ചരിച്ചപ്പോൾ മുമ്പിൽ തോടായിരുന്നു. ഇരുട്ടായതിനാൽ തോട് കൃത്യമായി കാണാനുമായില്ല. ഇതോടെ ജീപ്പ് തോട്ടിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ബോണിയെ രക്ഷപ്പെടുത്തിയത്. വാഹനം ക്രെയിൻ ഉപയോഗിച്ച് തോട്ടിൽ നിന്ന് മാറ്റി.