തമിഴ് താരം വിജയ്‌യും നടി തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പരോക്ഷമായി ഇക്കാര്യത്തില്‍ ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാലിതാ ഗോസിപ്പുകള്‍ക്ക് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തൃഷ മറുപടി പറഞ്ഞിരിക്കുകയാണ്. ‘നിങ്ങൾ സ്നേഹത്താല്‍ നിറഞ്ഞിരിക്കുന്നത് കാണുമ്പോൾ, ഉള്ളിൽ അഴുക്കുനിറഞ്ഞിരിക്കുന്നവർ ആശയക്കുഴപ്പത്തിലാകും’ എന്ന ഒറ്റവരിയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇതോടെ ഇരുവരും പ്രണയത്തിലെന്ന് ആരാധകരും ഉറപ്പിച്ച മട്ടാണ്.
നിങ്ങള്‍ക്ക് വിവാഹം കഴിച്ചുകൂടെയെന്നാണ് വിജയ്ക്ക് പിറന്നാളാശംസ നേര്‍ന്നുള്ള തൃഷയുടെ പോസ്റ്റിനു താഴെ നിറയുന്ന കമന്‍റുകള്‍. 2023ല്‍ ലിയോയുടെ ഷൂട്ടിങ്ങില്‍ സെറ്റില്‍ നിന്നുള്ള ചിത്രം, 2024ല്‍ ലിഫ്റ്റില്‍ വച്ചുള്ള ചിത്രം, 2025ല്‍ തൃഷയുടെ വീട്ടില്‍ നിന്നുള്ള ചിത്രം, 2026ല്‍ വിവാഹച്ചിത്രം പങ്കുവയ്ക്കുമോ എന്നൊക്കെയുള്ള കമന്‍റുകളും കാണാം. വിജയ്‌യുടെ 51-ാം പിറന്നാളിന് തൃഷ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് നിലവിലെ ഗോസിപ്പുകള്‍ക്കാധാരം. തൃഷ അടുത്തിടെ വാങ്ങിയ വളർത്തുനായ ഇസ്സിയെ തനിക്കൊപ്പമിരുന്ന് വിജയ് ഓമനിക്കുന്ന ചിത്രമാണ് തൃഷ പങ്കുവെച്ചത്. ‘ഏറ്റവും മികച്ചയാൾ’ എന്നാണ് ചിത്രത്തിന് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഒരു ഹഗ് ഇമോജിയും ഒപ്പം ചേർത്തിട്ടുണ്ട്.
വിജയ് സിനിമ ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞതിനു പിന്നാലെ അതേ പാതയിലേക്ക് നടി തൃഷ കൃഷ്ണനും എത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഈ വര്‍ഷം ആദ്യം പ്രചരിച്ചിരുന്നു. തമിഴ് സിനിമാ നിരീക്ഷകനായ വി.പി അന്തനനാണ് ചർച്ചകൾ ചൂടുപിടിപ്പിച്ചത്. നടി ഇതേക്കുറിച്ച് തന്‍റെ അമ്മയോട് സംസാരിച്ചുവെന്നും ഇരുവരും തമ്മില്‍ അതിന്‍റെ പേരില്‍ പ്രശ്നങ്ങളുണ്ടായി എന്നുമായിരുന്നു അന്തനന്റെ അവകാശവാദം. സിനിമ പൂര്‍ണമായും ഉപേക്ഷിക്കുന്നതിനോട് തൃഷയുടെ അമ്മ എതിര്‍പ്പ് പ്രകടിപ്പിച്ചുവെന്നും അന്തനന്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തിലും വിജയ്‌യുടെയോ തൃഷയുടെയോ പ്രതികരണമുണ്ടായില്ല.
പലയിടത്തും ഇരുവരെയും ഒന്നിച്ചു കണ്ടതോടെ അഭ്യൂഹങ്ങളും വ്യാപകമായി. കഴിഞ്ഞവർഷം നോർവെയിൽ വിജയും തൃഷയും ഒന്നിച്ചെത്തിയിരുന്നു. പിന്നാലെ നടി കീർത്തി സുരേഷും ആന്റണി തട്ടിലുമായുള്ള വിവാഹത്തിനും ഇരുവരും ഒന്നിച്ചെത്തി. പ്രൈവറ്റ് ജെറ്റില്‍ ഒന്നിച്ചിറങ്ങിയ ഇവരുടെ എയർപോർട്ടിൽ നിന്നുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തൊട്ടുപിന്നാലെ 'ജസ്റ്റിസ് ഫോര്‍ സംഗീത' എന്ന ഹാഷ്ടാഗും വ്യാപകമായി. ഭാര്യ സംഗീതയുമൊത്ത് വിജയ്‌യെ അടുത്തിടെയൊന്നും കണ്ടിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഇത്.
വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതിന് തൊട്ടുമുന്‍പ് റിലീസായത് 'ഗോട്ട്' എന്ന സിനിമയാണ്. ഗോട്ടില്‍ ഒരു ഡാന്‍സ് രംഗത്തില്‍ തൃഷ വിജയ്ക്കൊപ്പം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഗില്ലി എന്ന ചിത്രത്തിലെ പാട്ടിൽ തൃഷയും വിജയ്‌യും ചെയ്ത സ്റ്റെപ്പ് 'ഗോട്ടി'ൽ ആവര്‍ത്തിച്ചതും ശ്രദ്ധേയമായി. ഗില്ലി, കുരുവി, തിരുപ്പാച്ചി, ആത്തി എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സൃഷ്ടിച്ച കോംബോ അവസാനമായി ഒന്നിച്ച ചിത്രം 'ലിയോ' ആയിരുന്നു. വിജയ്‌യുടെ നായിക വേഷത്തിലാണ് 'ലിയോ'യില്‍ തൃഷ എത്തിയത്.