പി.എം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ ഒപ്പിടുന്ന പ്രശ്നമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. കേന്ദ്ര സർക്കാരിന്‍റെ സഹായമില്ലാതെ തന്നെ മികച്ചനിലയിൽ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ഈ വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുമായുള്ള ചർച്ചയിൽ എ.ബി.വി.പി ഒഴികെയുള്ള വിദ്യാർഥി സംഘടനകൾ സർക്കാർ നിലപാടിനെ അനുകൂലിച്ചു.
വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി പി.എം ശ്രീയിൽ ഒപ്പുവയ്ക്കണമെന്ന കേന്ദ്ര സമ്മർദം തുടരുന്നതിനിടെയാണ് മന്ത്രിയും വിദ്യാർഥി സംഘടനകളുമായി ചർച്ചയുണ്ടായത്.
പദ്ധതി നടപ്പാക്കിയില്ലെങ്കിൽ മന്ത്രിയെ വഴിയിൽ തടയുമെന്ന് ചർച്ച ബഹിഷ്കരിച്ചിറങ്ങിയ എ.ബി.വി.പി. സർക്കാർ നിലപാടിനോട് പൂർണ യോജിപ്പെന്ന് എസ്.എഫ്.ഐയും, കെ.എസ്.യു.വും. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിൻ്റെ പേരിൽ സംസ്ഥാന സർക്കാരിന് അനുവദിക്കേണ്ട 1444.44 കോടി രൂപയാണ് തടഞ്ഞ് വച്ചിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.