നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന്‍റേത് യഥാർഥ പരാജയം അല്ലെന്ന് നാടക സാമൂഹിക പ്രവർത്തക നിലമ്പൂർ ആയിഷ. യുഡിഎഫ് നേടിയ വിജയം താൽക്കാലികം മാത്രമാണ്. വോട്ട് നേടി കരുത്ത് തെളിയിച്ച പി.വി. അൻവർ ആഗ്രഹിക്കുന്നത് മുഖ്യമന്ത്രി ആകാൻ ആണെന്നും അൻവറിന് പ്രാന്താണെന്നും നിലമ്പൂർ ആയിഷ മനോരമ ന്യൂസിനോട് പറഞ്ഞു. ഈ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിന് ആദ്യഘട്ടത്തിൽ തന്നെ പരസ്യ പിന്തുണ പ്രഖ്യാപിച്ച കലാകാരിയാണ് നിലമ്പൂർ ആയിഷ.
അതേസമയം, പി.വി.അൻവർ എതിർ സ്ഥാനാർഥിയായി എത്തിയത് ആശങ്കപ്പെടുത്തിയില്ലെന്ന് ആര്യാടൻ ഷൗക്കത്ത് മനോരമ ന്യൂസിനോട്. അൻവറിനെ മറികടന്ന് ജയിക്കാനുള്ള സംഘടനാസംവിധാനം നിലമ്പൂരിലുണ്ടെന്ന് അറിയാമായിരുന്നു. നിലമ്പൂരിൽ ഭരണവിരുദ്ധ വികാരവും പ്രതിഫലിച്ചു. പി.വി. അൻവറിന് മറുപടി പറയേണ്ടതില്ല എന്നുതന്നെയാണ് തീരുമാനമെന്നും ഷൗക്കത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.
നിലമ്പൂർ തിരിച്ചുപിടിച്ചതിന് പിന്നാലെ ആര്യടൻ ഷൗക്കത്തിന്റെ വിജയം ആഘോഷമാക്കി യുഡിഎഫിന്റെ യുവ നേതാക്കൾ. തുറന്ന ജീപ്പിൽ നേതാക്കൾ ഒന്നടങ്കം പാട്ടുപാടിയും നൃത്തം ചെയ്തും ആഘോഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് ഒരു പാഠമാണെന്ന് നേതാക്കൾ മനോരമ ന്യൂസിനോട് പറഞ്ഞു.