രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. നാളെ രാവിലെ എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കേരളത്തിൽ എത്തിക്കും.
സഹോദരന്‍റെ ഡി.എൻ.എ സാമ്പിൾ ഉപയോഗിച്ച് നടത്തിയ പരിശോധന വിഫലമായതോടെയാണ് അമ്മ തുളസിയുടെ രക്‌ത സാമ്പിൾ ശേഖരിച്ചത്. സിവിൽ ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. രഞ്ജിതയുടെ ചേതനറ്റ ശരീരം, അവസാന യാത്ര ആരംഭിച്ച അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ എത്തിച്ചു. നാളെ രാവിലെ 7 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കും.
സഹോദരൻ രതീഷും ബന്ധു ഉണ്ണികൃഷ്ണനും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. 11 മണിയോടെ രഞ്ജിത പഠിച്ച പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം നടത്തും. വൈകിട്ട് നാലു മണിയോടെ വീട്ടുവളപ്പിൽ സംസ്കാരവും നടക്കും.