പിണറായി സർക്കാർ പഴ്സനൽ സ്റ്റാഫ് പെൻഷൻ തട്ടിപ്പ് തുടരുന്നത് സ്വന്തം ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാർശ അട്ടിമറിച്ച്. പെൻഷൻ യോഗ്യത നേടാനുള്ള സർവീസ് കാലാവധി 4 വർഷമാക്കണമെന്നായിരുന്നു കെ. മോഹൻദാസ് കമ്മീഷന്റെ ശുപാർശ. 2021 ൽ നൽകിയ ശുപാർശ പിണറായി സർക്കാർ പൂഴ്ത്തി. പെൻഷൻ തട്ടിപ്പ് തടയാനാണ് 4 വർഷമാക്കാൻ നിർദ്ദേശിച്ചതെന്ന് കെ. മോഹൻദാസ് മനോരമ ന്യൂസിനോട് പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളുടെ ഇഷ്ടക്കാരെ പഴ്സനൽ സ്റ്റാഫിൽ തിരുകികയറ്റി നടത്തുന്ന പെൻഷൻ തട്ടിപ്പ് സ്ഥിരീകരിച്ച് ശമ്പള പരിഷ്കരണ കമ്മീഷൻ. ഒന്നാം പിണറായി സർക്കാർ നിയോഗിച്ച കെ. മോഹൻദാസ് കമ്മീഷനാണ് തട്ടിപ്പ് കണ്ടെത്തിയത്.
ഒരു ഭരണകാലത്ത് ഒരേ തസ്തികയിൽ രണ്ട് പേരേ നിയമിച്ച് അനധികൃത പെൻഷൻ വാങ്ങുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ദോഷമായി ബാധിക്കുന്നതായി റിപോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന് അധിക ബാധ്യതയാണിതെന്നും മോഹൻദാസ് മനോരമ ന്യൂസിനോട് പറഞ്ഞു.