കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയ അഖിൽ പി ധർമജന് അഭിനന്ദനങ്ങളുമായി എഴുത്തുകാരന്‍ ശ്രീകുമാരന്‍ തമ്പി. ചുരുങ്ങിയ കാലയളവിൽ അൻപതിലേറെ പതിപ്പുകൾ പുറത്തു വരികയും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിയുകയും ചെയ്ത ഒരു പുസ്തകം തീർച്ചയായും വായിക്കപ്പെടേണ്ടതാണെന്നും ഈ കൃതിക്ക് ലഭിച്ച അഭൂതപൂർവ്വമായ ജനപിന്തുണയാണ് ഇത് വാങ്ങി വായിക്കാൻ തന്നെയും പ്രേരിപ്പിച്ചതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. 

ഏതു പുസ്തകത്തിന്റെയും മൂല്യം നിർണയിക്കേണ്ടത് അത് വായിക്കുന്ന വായനക്കാരാണെന്നും അതിൽ ഈ ചെറുപ്പക്കാരൻ വിജയിച്ചുവെന്നും ഫേസ്​ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ശ്രീകുമാരന്‍ തമ്പി കുറിച്ചു. അഖിലിന് അവാര്‍ഡ് കിട്ടിയതില്‍ സാഹിത്യരംഗത്ത് നിന്നടക്കം വിമര്‍ശനങ്ങള്‍ ഉയരവെയാണ് ശ്രീകുമാരന്‍ തമ്പി പിന്തുണയുമായി രംഗത്തെത്തിയത്. 

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്​ബുക്ക് പോസ്റ്റ്

ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയ അഖിൽ പി.ധർമജന് എന്റെ അഭിനന്ദനം. ചുരുങ്ങിയ കാലയളവിൽ അൻപതിലേറെ പതിപ്പുകൾ പുറത്തു വരികയും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിയുകയും ചെയ്ത ഒരു പുസ്തകം തീർച്ചയായും വായിക്കപ്പെടേണ്ടതാണ്. ഏതൊരു എഴുത്തുകാരനും തന്റെ പുസ്തകം കൂടുതൽ വായനക്കാരിൽ എത്തിച്ചേരുന്നത് അഭിമാനകരം തന്നെയാണ്.. അവിടെ ''പുസ്തക മാഹാത്മ്യം'' എന്ന പ്രസ്താവനക്ക് പ്രസക്തിയില്ല. 

ഞാനും ഈ പുസ്തകം വില കൊടുത്തു വാങ്ങി വായിച്ചു.. ഈ കൃതിക്ക് ലഭിച്ച അഭൂതപൂർവ്വമായ ജനപിന്തുണയാണ് ഇത് വാങ്ങി വായിക്കാൻ എന്നെയും പ്രേരിപ്പിച്ചത്. ഏതു പുസ്തകത്തിന്റെയും മൂല്യം നിർണയിക്കേണ്ടത് അത് വായിക്കുന്ന വായനക്കാരാണ്. അതിൽ ഈ ചെറുപ്പക്കാരൻ വിജയിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. അഖിൽ പി ധർമജന് സാഹിത്യരംഗത്ത് കൂടുതൽ ശോഭനമായ ഭാവി ആശംസിക്കുന്നു. എന്ന്, കേരള സാഹിത്യ അക്കാദമിയുടെയോ കേന്ദ്ര സാഹിത്യ അക്കാദമിയുടെയോ ഒരു പുരസ്കാരത്തിലും സ്പർശിക്കാൻ ഇതുവരെ ഭാഗ്യം ലഭിക്കാതെ പോയ ഒരു പാവം എഴുത്തുകാരൻ...

ENGLISH SUMMARY:

Writer Sreekumaran Thampi congratulated Akhil P Dharmajan for winning the Sahitya Akademi Yuva Puraskar. He remarked that a book which saw over fifty editions in a short span and sold lakhs of copies is certainly one that deserves to be read. Thampi added that the overwhelming public support for the book inspired him to read it as well.