നടന്‍ മധുവിന്‍റെ 92ാം പിറന്നാള്‍ ദിനത്തില്‍ വേണുഗോപാല്‍ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മധുവിന് പിറന്നാള്‍ ആശംസയറിച്ചുകൊണ്ട് തുടങ്ങുന്ന ഓര്‍മക്കുറിപ്പായിരുന്നു വേണുഗോപാല്‍ പങ്കുവച്ചത്. എന്നാല്‍ കുറിപ്പിന്‍റെ അവസാനഭാഗത്ത് മധുവിന് സ്വന്തമായി ഇപ്പോള്‍ താമസിക്കുന്ന ചെറിയൊരു വീട് മാത്രമേ ബാക്കിയുളളൂ എന്ന് പറയുന്നുണ്ട്. സിനിമയിൽ നിന്ന് കിട്ടിയതും, സ്വന്തം കുടുംബ സ്വത്തും സിനിമയ്ക്കായി കൊടുത്ത വ്യക്തികളിലൊരാളാണ് മധുവെന്നും വേണുഗോപാല്‍ പറയുന്നു. 

പിന്നാലെ വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി രംഗത്തെത്തുകയുണ്ടായി. മധുവിന്‍റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും വേണുഗോപാല്‍ കുറിച്ച വാക്കുകള്‍ ശുദ്ധ അസംബന്ധമാണെന്നാണ് ശ്രീകുമാരന്‍ തമ്പി തുറന്നടിച്ചത്. ഇപ്പോഴിതാ വേണുഗോപാലിനു മറുപടിയുമായി മധുവിന്‍റെ മകൾ ഉമ ജയലക്ഷ്മി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.വേണുഗോപാലിന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ലെന്നും അതിനു ഉചിതമായ മറുപടിയാണ് ശ്രീകുമാരൻ തമ്പി എഴുതിയതെന്നും ഉമ പറയുന്നു. ശ്രീകുമാരൻ തമ്പിയുടെ പോസ്റ്റിനു കമന്റായായിരുന്നു ഉമയുടെ മറുപടി.

‘യാഥാർഥ്യമറിയാതെ എന്‍റെ അച്ഛനെക്കുറിച്ച് ഗായകൻ വേണുഗോപാൽ എഴുതിയ കുറിപ്പ് ഞങ്ങൾ കുടുംബക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ആ പോസ്റ്റിന്‍റെ അവസാന ഭാഗം വായിച്ചപ്പോൾ മകളായ ഞാൻ ഞെട്ടിപ്പോയി. ഇത്രയും അന്തസ്സോടെ 92 വർഷം ജീവിച്ചയാളിനെ ഇങ്ങനെ വേണുഗോപാൽ തരം താഴ്ത്തി കണ്ടപ്പോൾ വലിയ ദുഃഖം തോന്നി. ഞാൻ അതിനു മറുപടിയായി ഒരു പോസ്റ്റ് ഇടണം എന്ന് ആലോചിച്ചു. അപ്പോഴാണ് തമ്പിയങ്കിളിന്‍റെ  പേജിൽ ഈ പോസ്റ്റ് കണ്ടത്.എനിക്ക് പറയാൻ കഴിയുന്നതിനേക്കാൾ ഭംഗിയായി അച്ഛനെ ഏറ്റവും അടുത്തറിയാവുന്ന തമ്പി അങ്കിൾ എഴുതിയിരിക്കുന്നു. അത് കണ്ടു ഞങ്ങൾക്കെല്ലാം ആശ്വാസമായി. അദ്ദേഹത്തിന്‍റെ മകൾ എന്ന നിലയ്ക്ക് ഒരു കാര്യം എനിക്ക് ഉറപ്പായും പറയാൻ കഴിയും. വേണുഗോപാലിന്‍റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ല. തമ്പിയങ്കിൾ ഉചിതമായ രീതിയിൽ അതിനെതിരെ പ്രതികരിച്ചതിൽ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു. അങ്കിളിന്‍റെ ഈ പോസ്റ്റ് ഞാൻ ഷെയർ ചെയ്തുകൊള്ളട്ടെ’ ഉമ കുറിച്ചു. 

ജി വേണുഗോപാലിന്‍റെ ഈ കുറിപ്പിനെതിരെ പരസ്യപ്രതികരണമെന്നോണം മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റുമായിട്ടായിരുന്നു ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയത്. 'വലിയ കൂട്ടൂ കുടുംബത്തിന്‍റെ നായകനായ മധു ചേട്ടനെയാണ് പാട്ടുകാരൻ വേണുഗോപാൽ ഏകനും അനാഥനുമുമായി ചിത്രീകരിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും വേണ്ടപ്പെട്ടവരും നടൻ മധുവിനെ ശ്രദ്ധിക്കുന്നില്ല എന്ന ഒരു ധ്വനി വേണുഗോപാലിന്‍റെ പോസ്റ്റിൽ ഉണ്ടെന്നും' ശ്രീകുമാരന്‍ തമ്പി പറയുന്നു. വേണുഗോപാലിനെ പോലുള്ളവർ ഇങ്ങനെ നിജസ്ഥിതി അറിയാതെ അപവാദം പറഞ്ഞു പരത്തുമ്പോൾ അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ശ്രീകുമാരന്‍ തമ്പി തുറന്നടിച്ചു. മധുച്ചേട്ടൻ സിനിമയ്ക്ക് വേണ്ടി ഒരു സെന്‍റ് ഭൂമി പോലും നഷ്ടപ്പെടുത്തിയിട്ടില്ല. മറിച്ച് സിനിമ അദ്ദേഹത്തിന് നേട്ടങ്ങളേ നൽകിയിട്ടുള്ളൂ എന്നും ശ്രീകുമാരന്‍ തമ്പി തന്‍റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്.

ENGLISH SUMMARY:

On the 92nd birthday of veteran actor Madhu, singer Venugopal’s Facebook note stirred controversy after claiming that Madhu now lives in a small house and sacrificed his wealth for cinema. Lyricist and director Sreekumaran Thampi strongly criticized Venugopal, calling his words baseless and misleading. Now, Madhu’s daughter Uma Jayalakshmi has also reacted, expressing deep disappointment and clarifying that many statements in Venugopal’s post are untrue. She stated that Thampi’s response reflected the truth and brought comfort to their family. Uma added that her father, who has lived a dignified 92 years, deserves respect, not false narratives. Thampi also emphasized that Madhu never lost property for films, but instead gained much from cinema.